വിയ്യൂർ ജയിൽ അക്രമം: കൊടി സുനി അടക്കം 10 പേർക്കെതിരെ കേസ്
Mail This Article
തൃശൂർ ∙ വിയ്യൂർ അതിസുരക്ഷാ ജയിലിൽ തടവുകാർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ടു ടി.പി.ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി കൊടി സുനി അടക്കം 10 പ്രതികൾക്കെതിരെ വിയ്യൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ജയിലിൽ കലാപത്തിനു ശ്രമം, വധശ്രമം, ജയിലധികൃതരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസ്. പ്രതികളായ കൊല്ലം നെടുമംഗലം സ്വദേശി രഞ്ജിത്ത് ഉണ്ണി (കാട്ടുണ്ണി–35), കണ്ണൂർ നെടുമ്പ്രം ചൊക്ലി സ്വദേശി സുനിൽകുമാർ (കൊടി സുനി–41) എന്നിവരുടെ നേതൃത്വത്തിൽ ചേരി തിരിഞ്ഞായിരുന്നു അക്രമം. കേസിൽ രഞ്ജിത്ത് ഒന്നാം പ്രതിയും കൊടി സുനി അഞ്ചാം പ്രതിയുമാണ്. തിരുവനന്തപുരം വഞ്ചിയൂർ കുന്നുകുഴി അരുൺ ഗുണ്ടു (34), ചെറുവാമ്മൂട് സജു (32), കൊച്ചി പെരുമാൾപ്പടി മിബുരാജ് (35), മലപ്പുറം എടരിക്കോട് താജുദ്ദീൻ (35), കണ്ണൂർ തലശ്ശേരി കൊച്ചുപറമ്പിൽ ചിഞ്ചു മാത്യു (31), കൊല്ലം പത്തനാപുരം ടിട്ടു ജെറോം (30), എറണാകുളം എളമക്കര ഷഫീഖ് എപ്പി (38), ഇടുക്കി പീരുമേട് ജോമോൻ (40) എന്നിവരാണു മറ്റു പ്രതികൾ.
ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇരുപത്തഞ്ചോളം തടവുകാർ ചേർന്ന് അര മണിക്കൂറോളം ജയിലിന്റെ നിയന്ത്രണം പിടിച്ചെടുത്തു കലാപത്തിനു ശ്രമിക്കുകയായിരുന്നെന്നാണു വിലയിരുത്തൽ. 3 ജീവനക്കാരെ ആക്രമിച്ച് ഇന്നർഗേറ്റിനു പുറത്തേക്കു തള്ളിയ ശേഷം കൊടി സുനിയും സംഘവും ജയിലിന്റെ ഹൃദയഭാഗം കയ്യടക്കിവച്ചു. സെൻട്രൽ ജയിലിൽ നിന്നടക്കം കൂടുതൽ ജീവനക്കാരെത്തി ബലപ്രയോഗത്തിലൂടെയാണു ഇന്നർഗേറ്റ് തുറന്ന് ഉള്ളിൽ പ്രവേശിച്ചത്.
ഭക്ഷണത്തിന്റെ അളവു കുറഞ്ഞു എന്നതിനെച്ചൊല്ലി ഒരു വിഭാഗം തടവുകാർ തമ്മിലാരംഭിച്ച അടിയാണു കലാപമായി വളർന്നത്. ഇരുനൂറോളം തടവുകാരുള്ളതിനാൽ ഇരുപത്തഞ്ചോളം പേരെയാണു ഭക്ഷണത്തിനായി ഒരേസമയം സെല്ലിനു പുറത്തിറക്കിയിരുന്നത്. ചേരിതിരിഞ്ഞുള്ള അടിക്കു ശേഷം ബാക്കിയുള്ളവർ സംഘടിച്ചു ജീവനക്കാർക്കു നേരെ തിരിഞ്ഞു. പരുക്കേറ്റ 3 ജീവനക്കാരിൽ ഒരാൾ ഇപ്പോഴും ആശുപത്രിയിലാണ്. കൊടി സുനിയടക്കം 5 തടവുകാരും ചികിത്സ തേടി. മുളകുപൊടിയേറിൽ പരുക്കേറ്റ സുനി ഒഴികെ മറ്റുള്ളവർ ആശുപത്രി വിട്ടു. ജയിലിൽ മർദനമേറ്റെന്നു കാട്ടി തടവുകാർ നൽകിയ പരാതിയിൽ ജയിൽ ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തേക്കും. സുരക്ഷാ വീഴ്ച സംഭവിച്ചു എന്ന കാരണത്താൽ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. കൊടി സുനിയുടെ പരോൾ അടുത്തിരുന്നെങ്കിലും കേസിന്റെ പശ്ചാത്തലത്തിൽ അതു റദ്ദാക്കാൻ ജയിൽ വകുപ്പ് നടപടി തുടങ്ങി.