പണമില്ല, വലഞ്ഞ് വകുപ്പുകൾ; പണം കിട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തുറന്നടിച്ച് 2 മന്ത്രിമാർ
Mail This Article
തിരുവനന്തപുരം ∙ ഒരു വശത്ത് ആർഭാടപൂർവം നടത്തിയ കേരളീയം പരിപാടിയിലെ ജനപങ്കാളിത്തത്തിലും ഇൗ മാസം ആരംഭിക്കുന്ന മണ്ഡല പര്യടനത്തിനുള്ള വിപുലമായ ഒരുക്കങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും അഭിമാനം കൊള്ളുമ്പോൾ, മറുവശത്ത് ദരിദ്ര വിഭാഗങ്ങൾക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും സാധാരണക്കാർക്ക് അവശ്യ സാധനങ്ങളും നൽകാൻ കഴിയാതെ വകുപ്പുകൾ. സഹികെട്ട് 2 മന്ത്രിമാർ പണം കിട്ടാതെ മുന്നോട്ടു പോകാനാകില്ലെന്നു മന്ത്രിസഭാ യോഗത്തിൽ തുറന്നടിച്ചു.
സർക്കാർ പണം നൽകാത്തതിനാൽ രാജ്ഭവനിലെ വാഹനങ്ങൾക്ക് ഇന്ധനവും അടുക്കളയിൽ അവശ്യ സാധനങ്ങളും മുടങ്ങി. ചീഫ് സെക്രട്ടറി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണു നേരിടുന്നതെന്നും വകുപ്പുകളിൽനിന്നുള്ള സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നുമാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്. സപ്ലൈകോയ്ക്ക് നൽകേണ്ട പണത്തിനായി മന്ത്രി ജി.ആർ.അനിലും സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള പണത്തിനായി മന്ത്രി വി.ശിവൻകുട്ടിയുമാണ് മന്ത്രിസഭയിൽ വാദിച്ചത്.
വൈദ്യുതി ഉപയോക്താക്കൾക്കു സബ്‌സിഡി നൽകുന്നതിന് 403 കോടി രൂപ സർക്കാർ നൽകേണ്ടതുണ്ടെങ്കിലും ഇൗ ആവശ്യമുന്നയിച്ച് ബോർഡ് ഇതുവരെ കത്ത് നൽകാത്തതിനാൽ മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയില്ല.
സപ്ലൈകോയ്ക്കു സർക്കാർ നൽകാനുള്ള 1,524 കോടി രൂപയിൽ ഒരു ഭാഗം ഉടൻ നൽകിയില്ലെങ്കിൽ പൊതുവിതരണം സ്തംഭിക്കുമെന്നു അനിൽ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. സിപിഐയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി വിഷയം ഉന്നയിച്ചത്. ഇതിനെ അനുകൂലിച്ച ശിവൻകുട്ടി, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കുടിശിക തീർക്കണമെന്നാവശ്യപ്പെട്ടു. മന്ത്രി അനിലിന്റെ ആവശ്യം ന്യായമാണെന്നും കുടിശിക തുകയിൽ ഒരു ഭാഗം നൽകണമെന്നും ധനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.