ADVERTISEMENT

തിരുവനന്തപുരം∙ കരുവന്നൂരിനു പിന്നാലെ കണ്ടല സഹകരണ ബാങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം വന്നതോടെ കൂടുതൽ കരുതലോടെ നീങ്ങാൻ സർക്കാർ. പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് എല്ലാ സഹകരണ സംഘത്തിലും പരിശോധന നടത്താനും ക്രമക്കേടുകൾ ഉണ്ടെങ്കിൽ അതു റിപ്പോർട്ട് ചെയ്ത് അടിയന്തര തിരുത്തൽ നടപടി നിർദേശിക്കാനും തീരുമാനമായി. പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും എല്ലാ സംഘത്തിലും പരിശോധന തുടങ്ങാൻ നിർദേശിക്കുകയും ചെയ്ത് സഹകരണ റജിസ്ട്രാർ സർക്കുലർ ഇറക്കി. റജിസ്ട്രാറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ 16,000 സംഘങ്ങളാണുള്ളത്. 

നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാൻ ബുദ്ധിമുട്ടുന്ന പ്രതിസന്ധിയുള്ള 270 സംഘങ്ങളുണ്ടെന്ന് സർക്കാർ തന്നെ വിവരം പുറത്തുവിട്ടിരുന്നു. ഇ.ഡിക്ക് കടന്നുവരാൻ നിരന്തരം അവസരം വന്നാൽ സർക്കാരിന്റെ പിടി അയയുക മാത്രമല്ല സഹകരണ മേഖലയെ കാര്യമായി ബാധിക്കുമെന്നും സർക്കാർ വിലയിരുത്തുന്നു. 

നിലവിൽ ഒരു ഇൻസ്പെക്ടറാണ് ഒരു സഹ. സംഘത്തിൽ പരിശോധന നടത്തുന്നത്. ഇനി മുതൽ നാല് ഇൻസ്പെക്ടർമാരുടെ സംഘമാണു പരിശോധിക്കുക. താലൂക്ക് തലത്തിൽ ടീം എല്ലാ മാസവും കുറഞ്ഞത് 6 പരിശോധന നടത്തി റിപ്പോർട്ട് ജോയിന്റ് റജിസ്ട്രാർക്കു നൽകണം. ജില്ലാ തലത്തിൽ മൂന്നംഗ സമിതികൾ ഒന്നിലധികം താലൂക്കുകളിൽ പ്രവർത്തിക്കുന്ന സംഘങ്ങളിൽ പരിശോധന നടത്തണം. സംസ്ഥാന തലത്തിൽ അഡിഷനൽ റജിസ്ട്രാറുടെ നേതൃത്വത്തിൽ 5 പേരടങ്ങുന്ന നാലു സംഘങ്ങൾ രൂപീകരിക്കും. 

ടീം ഓഡിറ്റ് വിജയം

ഒരു ഓഡിറ്റർ ഒരേ ബാങ്കിൽ വർഷങ്ങളായി സ്ഥിരം ഓഡിറ്റ് ചെയ്യുന്ന രീതിയാണ് ബാങ്കുകളിലെ ക്രമക്കേട് മറച്ചുപിടിച്ചതും അവയുടെ തകർച്ചയിലേക്കെത്തിച്ചതും. ഇതു മാറ്റി നാല് ഓഡിറ്റർമാരുടെ സംഘം മുന്നറിയിപ്പില്ലാതെ പോയി പരിശോധിക്കുന്ന ഓഡിറ്റിങ് രീതി പത്തനംതിട്ടയിലും തൃശൂരും നടപ്പാക്കിയതു വിജയമാണെന്നു കണ്ടെത്തി. 

English Summary:

Enforcement Directorate threat: Government to strictly check all cooperatives; special groups formed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com