പദ്ധതികൾക്ക് കേന്ദ്രത്തിനും ക്രെഡിറ്റ് നൽകും
Mail This Article
തിരുവനന്തപുരം∙ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കേന്ദ്ര സർക്കാരിന്റേതായി കൂടി ബ്രാൻഡ് ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാന സർക്കാർ നടപ്പാക്കും. മാസങ്ങൾക്കു മുൻപ് കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച സർക്കുലർ അയച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇതു കർശനമാക്കുകയാണ്.
കേന്ദ്രം നിർദേശിച്ച ഈ ബ്രാൻഡിങ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കും ബാധകമാക്കുമെന്നാണു സൂചന. അടിസ്ഥാനസൗകര്യ വികസനത്തിനു സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്കു പലിശരഹിത വായ്പ നൽകുന്ന കാപെക്സ് (ക്യാപ്പിറ്റൽ എക്സ്പെൻഡിച്ചർ) ഫണ്ടിനായുള്ള അപേക്ഷയിൽ വിഴിഞ്ഞം പദ്ധതിക്കു ചെലവിട്ട തുകയുടെ ബില്ലുകളും സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലൈഫ് ഭവന പദ്ധതി, ശുചിത്വ ഭാരത മിഷൻ, ആയുഷ്മാൻ ഭാരത്, ദേശീയ ആരോഗ്യ മിഷൻ, പോഷൺ അഭിയാൻ തുടങ്ങിയ പദ്ധതികൾക്കെല്ലാം ഇനി കേന്ദ്രത്തിന്റെ കൂടി ക്രെഡിറ്റ് നൽകേണ്ടി വരും. വെബ്സൈറ്റ്, കെട്ടിടങ്ങൾ, പരസ്യങ്ങൾ തുടങ്ങിയവയിലെല്ലാം കേന്ദ്ര സർക്കാരിന്റെ പേരും ഉൾപ്പെടുത്തണം. കേന്ദ്ര നിർദേശം അംഗീകരിച്ചില്ലെങ്കിൽ 2,000 കോടിയോളം രൂപയുടെ കേന്ദ്ര സഹായം സംസ്ഥാനത്തിനു നഷ്ടപ്പെടും. എന്നാൽ, വളരെ തുച്ഛമായ വിഹിതം മാത്രം കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന പദ്ധതികൾക്ക് കേന്ദ്ര ബ്രാൻഡിങ് ഒഴിവാക്കും.