കേരള ലോട്ടറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ഒട്ടേറെപ്പേർക്ക് പണം പോയി
Mail This Article
തിരുവനന്തപുരം ∙ കേരള ലോട്ടറി ഓൺലൈനായി വാങ്ങാമെന്നു പ്രലോഭിപ്പിച്ച് മറ്റു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു വൻ തട്ടിപ്പ്. സമ്മാനം പ്രതീക്ഷിച്ച് ഓൺലൈനായി ടിക്കറ്റ് വാങ്ങിയ ഒട്ടേറെപ്പേർക്കു പണം നഷ്ടപ്പെട്ടു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാവശ്യപ്പെട്ടു പൊലീസിനു ലോട്ടറി വകുപ്പു കത്തു നൽകി. തട്ടിപ്പിനായി ഉപയോഗിക്കുന്ന ആപ്പുകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ആപ് നീക്കുമ്പോൾ വേറെ പേരിൽ പുതിയ ആപ്പുമായി തട്ടിപ്പുകാർ വരികയാണെന്നു പൊലീസ് പറയുന്നു.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ റാക്കറ്റാണ് തട്ടിപ്പിനു പിന്നിലെന്നാണു സൂചന. ആപ്പിലൂടെ ടിക്കറ്റ് വാങ്ങിയ ചിലർക്കു സമ്മാനം ലഭിച്ചതായി സന്ദേശം ലഭിക്കുകയും മുൻകൂറായി ഒരു ലക്ഷം രൂപ നൽകിയാൽ സമ്മാനത്തുക അക്കൗണ്ടിലേക്കു കൈമാറാമെന്ന് അറിയിക്കുകയും ചെയ്തു.
ഫെയ്സ്ബുക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വിഡിയോ പരസ്യം നൽകിയാണ് ആപ് ഡൗൺലോഡ് ചെയ്യിക്കുന്നത്. മോഡലുകളെ ഉപയോഗിച്ചു ചിത്രീകരിക്കുന്ന പരസ്യത്തിൽ ഭാഗ്യം കൈവരിക്കണമെങ്കിൽ കേരള ലോട്ടറി വാങ്ങണമെന്നാണ് ആഹ്വാനം.
രാജ്യത്ത് കേരളമടക്കം 9 സംസ്ഥാനങ്ങളിലാണു നിലവിൽ ലോട്ടറിയുള്ളത്. ഒരു സംസ്ഥാനത്ത് അച്ചടിക്കുന്ന ലോട്ടറി മറ്റു സംസ്ഥാനങ്ങളിൽ വിൽക്കാൻ പാടില്ലെന്നാണു നിയമനം. ഓൺലൈൻ വിൽപനയും അനുവദിച്ചിട്ടില്ല. എന്നാൽ, 25 കോടി വരെ ബംപർ സമ്മാനം നൽകുന്നതിനാൽ കേരള ലോട്ടറിക്ക് രാജ്യവ്യാപകമായി വൻ പ്രചാരം ലഭിച്ചിട്ടുണ്ട്.