സനൂസി ‘കമ്യൂണിസ്റ്റ് വിരുദ്ധൻ’; ഐഎഫ്എഫ്കെ അവാർഡ് വിവാദത്തിൽ
Mail This Article
തിരുവനന്തപുരം ∙ പോളിഷ് സംവിധായകൻ ക്രിസ്തോഫ് സനൂസിക്ക് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ (ഐഎഫ്എഫ്കെ) ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകുന്നതിനെ ചൊല്ലി വിവാദം. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് വ്യക്തമാക്കിയിട്ടുള്ളയാളാണ് സനൂസിയെന്നത് ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തി. 1998ൽ ഇടതു സർക്കാരിന്റെ കാലത്തു നടന്ന ചലച്ചിത്രമേളയിൽ സനൂസി മുഖ്യാതിഥിയായി വന്നിരുന്നു. അന്നു പക്ഷേ, ഓപ്പൺ ഫോറത്തിൽ അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകൾക്കെതിരെ മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ള രൂക്ഷമായ വിമർശനമുയർത്തിയത് വലിയ മാധ്യമചർച്ചയായിരുന്നു.
ഹംഗേറിയൻ സംവിധായകനും കമ്യൂണിസ്റ്റ് വിരുദ്ധനുമായ ബേലാ ടാറിന് ഇതേ അവാർഡ് നൽകിയതു കഴിഞ്ഞ വർഷം വിവാദമായിരുന്നു. തിരുവനന്തപുരത്ത് എത്തി അവാർഡ് സ്വീകരിച്ച അദ്ദേഹം, കമ്യൂണിസ്റ്റുകൾ ക്രിമിനലുകളാണെന്നു മാധ്യമങ്ങളോടു പറഞ്ഞ ശേഷമാണു മടങ്ങിയത്. ഇതിന്റെ തുടർച്ചയായി ചലച്ചിത്ര മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ ചലച്ചിത്ര അക്കാദമിയിൽ നിന്നു പുറത്തായി. എന്നാൽ ദീപികയുടെ പുറത്താകലിനു കാരണം ഇതു മാത്രമല്ല എന്ന വിശദീകരണമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്.
സനൂസിയുടെ രണ്ടു ചിത്രങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധമെന്ന് വിശഷിപ്പിക്കപ്പട്ടവയാണ്. ഹിറ്റ്ലർ കൊലപ്പെടുത്തിയതിനെക്കാൾ കൂടുതൽ പേരെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നും പല രാജ്യങ്ങളിലെയും വികസനത്തെ പിന്നോട്ടടിച്ചത് കമ്യൂണിസമാണെന്നും തുറന്നു പറഞ്ഞിട്ടുള്ളയാളാണ് സനൂസി. സനൂസിയുടെ 6 ചിത്രങ്ങൾ ഈ വർഷത്തെ മേളയിൽ പ്രദർശിപ്പിക്കും. ഡിസംബർ 15ന് മേളയുടെ സമാപനച്ചടങ്ങിലാണ് അദ്ദേഹത്തിനു പുരസ്‌കാരം സമ്മാനിക്കുക.