ADVERTISEMENT

കൊച്ചി /മലപ്പുറം ∙ നവകേരള സദസ്സ് നടക്കുന്ന സ്കൂളുകളുടെ മതിൽ പൊളിക്കാൻ വീണ്ടും നിർദേശം. മന്ത്രിമാർ സഞ്ചരിക്കുന്ന ബസ്സടക്കമുള്ള വാഹനങ്ങൾക്കു വേണ്ടിയാണിത്. ഹൈക്കോടതിയുടെ കർശനനിർദേശം അവഗണിച്ചു മലപ്പുറം പൊന്നാനിയിൽ കുട്ടികളെ വെയിലത്തുനിർത്തിയതും ആളുകളെ എത്തിക്കാൻ കോടതി വിധി ലംഘിച്ച് അൺ എയ്ഡഡ് സ്കൂളുകളുടെ നൂറിലേറെ ബസുകൾ ഉപയോഗിച്ചതും വിവാദമായി.

1. മതിൽ പൊളിക്കൽ

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവയുടെ മതിൽ പൊളിക്കാനാണ് പ്രാദേശിക സംഘാടകസമിതി നിർദേശിച്ചത്. പഴക്കമുളള സ്റ്റേജ് പൊളിക്കണമെന്നും മരച്ചില്ലകൾ വെട്ടണമെന്നുംസംഘാടകസമിതി നഗരസഭാ സെക്രട്ടറിക്കു നൽകിയ കത്തിലുണ്ട്. നിർദേശം സംബന്ധിച്ചു കൗൺസിൽ തീരുമാനം എടുത്തിട്ടില്ലെന്ന് യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ അധ്യക്ഷൻ ബിജു ജോൺ ജേക്കബ് അറിയിച്ചു. ഡിസംബർ 10നാണ് ഇവിടെ നവകേരള സദസ്സ്.

പറവൂർ സ്കൂളിന്റെ മതിൽ പൊളിക്കാനും മരങ്ങളുടെ ചില്ലകൾ മുറിക്കാനും വാക്കാലാണു നിർദേശം നൽകിയിട്ടുള്ളത്. എന്നാൽ, മതിൽ പൊളിക്കരുതെന്നാവശ്യപ്പെട്ടു നഗരസഭാധ്യക്ഷ ബീന ശശിധരൻ തഹസിൽദാർക്കു കത്തു നൽകി. രണ്ടിടത്തും പരിപാടി കഴിഞ്ഞാൽ മതിൽ കെട്ടിക്കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്.

ഡിസംബർ 3ന് സദസ് നടക്കേണ്ട പാലക്കാട് നെന്മാറ ഗവ. എച്ച്എസ്എസിന്റെ  പ്രധാന കവാടത്തിലെ കമാനവും ബോർഡും ഇന്നലെ മുറിച്ചു മാറ്റി. വേദിയുടെ നിർമാണത്തിനായി ഒരാഴ്ച മുൻപ്  ചുറ്റുമതിലിന്റെ പിൻഭാഗം പൊളിച്ചിരുന്നു. ‍വയനാട് മാനന്തവാടി ജിവിഎച്ച്എസ്‌എസ്, മലപ്പുറം വണ്ടൂർ ഗവ.വിഎംസി എച്ച്എസ്എസ്, മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ  എന്നിവിടങ്ങളിൽ മതിൽ പൊളിച്ചിരുന്നു. 

2. വെയിലത്ത് കുട്ടികൾ

പൊന്നാനിയിലെ നവകേരള സദസ്സിനുശേഷം എടപ്പാളിലെ വേദിയിലേക്കു പുറപ്പെട്ട മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അഭിവാദ്യമർപ്പിക്കാൻ  എടപ്പാൾ തുയ്യത്തെ ഗവ.എൽപി സ്കൂളിലെ അൻപതോളം വിദ്യാർഥികളെ  ഇന്നലെ ഉച്ചയ്ക്ക് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം റോഡിൽ നിർത്തി. വാഹനം കടന്നുപോകുമ്പോൾ കുട്ടികളോട് കൈവീശിക്കാണിക്കാൻ ആവശ്യപ്പെടുന്നതു പുറത്തുവന്ന വിഡിയോയിൽ ഉണ്ട്. യൂത്ത് കോൺഗ്രസ് ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും  പരാതി നൽകി.  കുട്ടികളെ നവകേരള സദസ്സിനായി വഴിയിൽ വെയിലത്തുനിർത്തുന്നതിനെതിരെ  കഴിഞ്ഞ ദിവസം ഹൈക്കോടതി കർശനനിർദേശം  നൽകിയിരുന്നു. ഇന്നലെയും കോടതി ഇതാവർത്തിച്ചു.

നവ കേരള സദസ്സിൽ പങ്കെടുക്കാനുള്ള ആളുകളെ സ്കൂൾ ബസുകളിൽ പൊന്നാനി ഹാർബർ പരിസരത്തേക്ക് എത്തിക്കുന്നു.
നവ കേരള സദസ്സിൽ പങ്കെടുക്കാനുള്ള ആളുകളെ സ്കൂൾ ബസുകളിൽ പൊന്നാനി ഹാർബർ പരിസരത്തേക്ക് എത്തിക്കുന്നു.

3. സ്കൂൾ ബസ്

മലപ്പുറം ജില്ലയിൽ പൊന്നാനി നഗരസഭയടക്കം 6 തദ്ദേശ സ്ഥാപന പരിധിയിലെ അൺ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളാണ് ബസുകൾ വിട്ടുകൊടുത്തത്. കുട്ടികൾക്കായി ബസ് ഇല്ലാത്തതു കാരണം ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി നൽകിയതിനെതിരെ രക്ഷിതാക്കളും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായെത്തുകയും ചെയ്തു. 

ബസുകൾ വിട്ടുകൊടുത്തത് തങ്ങളുടെ അറിവോടെയല്ലെന്നാണു വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, കൊടുവള്ളി, കുന്നമംഗലം, കുറ്റ്യാടി മണ്ഡലങ്ങളിൽ സ്കൂൾ ബസുകളിൽ ആളുകളെ എത്തിച്ചതു വിവാദമായിരുന്നു.

English Summary:

Another proposal to demolish the school walls for the Nava kerala sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com