പൊലീസുകാരുടെ വാക്കേറ്റം; ട്രെയിനിൽനിന്ന് എറിഞ്ഞത് തോക്കും വെടിയുണ്ടയുമുള്ള ബാഗ്
Mail This Article
തിരുവനന്തപുരം∙രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ കേരള പൊലീസ് ഉദ്യോഗസ്ഥ സംഘത്തിലെ ഒരാളുടെ ബാഗ് സഹപ്രവർത്തകൻ ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞു. പിസ്റ്റലും 28 വെടിയുണ്ടകളും അടങ്ങിയ ബാഗ് വീണ്ടെടുക്കാൻ ഒരു സംഘം പൊലീസുകാർ സംഭവം നടന്ന മധ്യപ്രദേശിൽ ഇറങ്ങി. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കമുണ്ടായതാണ് പ്രകോപനം . ഇതിന്റെ ദേഷ്യത്തിൽ പുറത്തേക്ക് എറിഞ്ഞ ബാഗ് തർക്കത്തിൽപ്പെടാത്ത മൂന്നാമതൊരു ഉദ്യോഗസ്ഥന്റേതായിരുന്നുവെന്നാണ് വിവരം.
തോക്കും തിരയും ബാഗിലുണ്ടായിരുന്നുവെന്ന് അറിഞ്ഞതോടെ 10 പൊലീസുദ്യോഗസ്ഥരെ അവിടെത്തന്നെ ഇറക്കി അന്വേഷണത്തിന് നിയോഗിച്ചു. തൃശൂർ കെഎപി മൂന്നാം ബറ്റാലിയനിൽപ്പെട്ട ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. ബറ്റാലിയൻ കമൻഡാന്റ് നൽകിയ പരാതിയെത്തുടർന്ന് ജബൽപുർ പൊലീസ് കേസെടുത്തു. ബറ്റാലിയൻ എഡിജിപി എംആർ. അജിത് കുമാർ പ്രാഥമിക വിവരങ്ങൾ തേടി. ഡ്യൂട്ടിക്കു പോയ മറ്റുദ്യോഗസ്ഥർ ഇന്ന് തിരികെ കേരളത്തിലെത്തും.