ചോദിക്കുന്ന എല്ലാവർക്കും പുത്തൻ കാർ കിട്ടില്ല
Mail This Article
തിരുവനന്തപുരം ∙ പുതിയ കാർ ആവശ്യപ്പെടുന്ന വകുപ്പുകൾക്കെല്ലാം പുതിയ കാർ തന്നെ അനുവദിക്കുന്ന രീതി സർക്കാർ അവസാനിപ്പിച്ചു. വകുപ്പുകളോ സ്ഥാപനങ്ങളോ കാർ ആവശ്യപ്പെട്ടാൽ സർക്കാരിന്റെ പക്കൽ എവിടെയെങ്കിലും ഉപയോഗിക്കാത്ത കാർ ഉണ്ടെങ്കിൽ അതു നൽകിയാൽ മതിയെന്നാണു തീരുമാനം. തിരഞ്ഞെടുപ്പ് കമ്മിഷനു പഴയ കാർ നൽകിക്കൊണ്ടാണ് ധനവകുപ്പ് ഇൗ മാറ്റത്തിനു തുടക്കമിട്ടത്.
കൈവശമുള്ള പഴയ കാർ കണ്ടം ചെയ്തു പുതിയ കാർ വാങ്ങാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ജൂലൈയലാണ് ധനവകുപ്പിന്റെ അനുമതി തേടിയത്. എന്നാൽ, കോട്ടയം ജില്ലാ ജഡ്ജിയുടെ ഓഫിസിൽ 86,000 കിലോമീറ്റർ ഓടിയ മാരുതി സ്വിഫ്റ്റ് ഡിസയർ വാഹനം ഉപയോഗിക്കുന്നില്ലെന്നു കണ്ടെത്തി. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഇൗ വാഹനം നൽകാൻ തീരുമാനിച്ചു. പുതിയ കാറുകൾ വാങ്ങാനുള്ള ഒട്ടേറെ അപേക്ഷകൾ ധനവകുപ്പ് വകുപ്പ് തള്ളി. മന്ത്രിസഭയിൽ നേരിട്ട് ഫയൽ എത്തിച്ച് കാർ വാങ്ങൽ പാസാക്കാനുള്ള ചില വകുപ്പുകളുടെ നീക്കവും ധനവകുപ്പ് വെട്ടി.