ADVERTISEMENT

കൊല്ലം ∙ അബിഗേൽ സാറ റെജി, 6 വയസ്സ്– ഇന്നലെ വൈകിട്ടു മുതൽ കേരളം മുഴുവൻ അവൾക്കു വേണ്ടിയുള്ള പ്രാർഥനയിലാണ്. ഒരു പോറൽ പോലുമേൽക്കാതെ അവളെ തിരിച്ചു കിട്ടണേയെന്ന നാട് പ്രാർഥിക്കുമ്പൊഴും ഉയർന്നത് ഒരുപിടി ചോദ്യങ്ങൾ. പണത്തിനു വേണ്ടിയോ തട്ടിക്കൊണ്ടുപോകൽ ? അതോ മറ്റെന്തെങ്കിലുമാണോ ലക്ഷ്യം ? പൊലീസും ജനങ്ങളും നാടാകെ അരിച്ചു പെറുക്കുകയാണ്. 

ഇന്നലെ വൈകിട്ട് നാലേകാലിനും നാലരയ്ക്കും മധ്യേയാണു ഓയൂർ ഓട്ടുമല ഗ്രാമത്തെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ സംഭവം.  ആശുപത്രി ജീവനക്കാരായ റെജി ജോണിന്റെയും സിജി തങ്കച്ചന്റെയും ഇളയമകൾ അബിഗേൽ സാറ റെജിയെ കാറിൽ കടത്തിക്കൊണ്ടുപോയതു കാട്ടുതീ പോലെ പരന്നു. സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന അബിഗേലും മൂത്ത സഹോദരൻ നാലാം ക്ലാസുകാരൻ ജൊനാഥൻ റെജിയും സ്കൂൾ വിട്ടു സ്കൂൾ ബസിൽ വീട്ടിലെത്തി അധിക നേരമായിരുന്നില്ല. 

ഓയൂരിൽ കാണാതായ കുട്ടിക്കായി കൊല്ലം ചിന്നക്കടയിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധന. ചിത്രം: മനോരമ
ഓയൂരിൽ കാണാതായ കുട്ടിക്കായി കൊല്ലം ചിന്നക്കടയിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധന. ചിത്രം: മനോരമ

ഭക്ഷണം കഴിഞ്ഞ് അൽപനേരത്തിനകം സഹോദരനും സഹോദരിയും വീട്ടിൽ നിന്നു കഷ്ടിച്ചു 100 മീറ്റർ ദൂരെയുള്ള ട്യൂഷൻ ക്ലാസിലേക്കു നടന്നു. റെജിയും സിജിയും ജോലി സ്ഥലത്തായിരുന്നു. റെജിയുടെ അച്ഛനും അമ്മയും മാതമേ വീട്ടിലുണ്ടായിരുന്നുള്ളൂ. 

റോഡിൽ കുട്ടികൾക്ക് അടുത്തേക്കു നിർത്തിയ വെള്ളക്കാറിൽ നിന്ന് ഒരാൾ ഒരു കടലാസ് കഷണം ജൊനാഥനു നേർക്കു നീട്ടിയിട്ട് ‘ഇത് അമ്മയ്ക്കു കൊടുക്കൂ’ എന്നു പറഞ്ഞുവെന്നാണ് ജോനാഥന്റെ വിശദീകരണം. അവൻ അതു വാങ്ങിയില്ല. അപ്പോഴേക്കും അബിഗേലിനെ കാറിലുണ്ടായിരുന്നവർ വലിച്ച് അകത്തു കയറ്റി. ഈ സമയം റോഡിൽ അധികമാരും ഉണ്ടായിരുന്നില്ല. പ്രദേശത്തെ അങ്കണവാടി അധ്യാപികയായ സുനു സോമരാജൻ മിന്നായം പോലെ അതു കണ്ടു. കാർ ചീറിപ്പാഞ്ഞുപോയി. ജൊനാഥന്റെ നിലവിളി കേട്ടു നാട്ടുകാർ ഓടിക്കൂടി. 

വിവരമറിഞ്ഞ് 6 മണി പിന്നിട്ട് കൊട്ടാരക്കര റൂറൽ എസ്പി കെ.എം.സാബു മാത്യുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. അബിഗേലിന്റെ വിവിധ തരത്തിലുള്ള ഫോട്ടോകൾ നിമിഷനേരം കൊണ്ടു നാടെങ്ങും പ്രചരിച്ചു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചെന്നു പറയുന്ന വെള്ളക്കാറിന്റെ പടങ്ങളും ഒപ്പം. കാറിലുണ്ടായിരുന്നവർ ജൊനാഥനു കൈമാറാൻ ശ്രമിച്ചുവെന്നു പറയുന്ന കടലാസിനു വേണ്ടിയും തിരച്ചിൽ തുടങ്ങി. അതു റോഡിൽ വീണുവെന്നായിരുന്നു വിവരം. 

വൈകാതെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം പാഞ്ഞു. അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനങ്ങൾ തടഞ്ഞു. ഇടറോഡുകളിലും പൊലീസ് വാഹനങ്ങൾ തടഞ്ഞു. ഓട്ടുമലയിൽ നിന്നു കാർ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ വഴികളിലേക്കും നാട്ടുകാർ ഉൾപ്പെടെയുള്ള സംഘം പാഞ്ഞു. 

കുട്ടിയെ വിട്ടുതരാൻ പത്തു ലക്ഷം ആവശ്യപ്പെട്ട് ബന്ധുവിനു ലഭിച്ച ഫോൺ കോളിന്റെ പൂർണരൂപം

സ്ത്രീ: കുട്ടി സുരക്ഷിതയാണ്. കുട്ടി സുരക്ഷിതമായി ഞങ്ങളുടെ കൈകളിലുണ്ട്. 

ബന്ധു: നിങ്ങളിപ്പോൾ എവിടെയാണ് 

സ്ത്രീ: നിങ്ങൾ 10 ലക്ഷം രൂപ അറേഞ്ച് ചെയ്യണം. 

ബന്ധു: ഓകെ ഓകെ.... നിങ്ങൾ ഇപ്പോൾ എവിടെയാണ്.... സ്ഥലം പറഞ്ഞാൽ മതി. 

സ്ത്രീ: നിങ്ങൾ അറേഞ്ച് ചെയ്താല്‍ മതി. നാളെ പത്തു മണിക്ക് കുട്ടിയെ വിട്ടുതരാം. 

ബന്ധു: തരാം തരാം... 

സ്ത്രീ: പൊലീസിൽ അറിയിക്കാൻ ഒന്നും നില്‍ക്കരുത്. 

ബന്ധു: കുട്ടിയെ ഒന്നും ചെയ്യരുത്. നിങ്ങൾ പറയുന്നിടത്തു പൈസ കൊണ്ടു തരാം. 

സ്ത്രീ: നാളെ പത്തു മണിക്ക് നിങ്ങളുടെ വീട്ടിൽ കൊണ്ടുവരാം. 

ബന്ധു: ഓയൂര് കൊണ്ടുവരുമോ ? 

സ്ത്രീ: അതെ, കൊണ്ടുവരും. ഈ ഫോണിൽ ഇങ്ങോട്ടു വിളിക്കരുത്. ഈ ഫോൺ ഞങ്ങളുടേതല്ല. 

ബന്ധു: നിങ്ങളുടേതല്ല....? ഞങ്ങള്‍ ഇപ്പോൾ പൈസ 

അറേഞ്ചു ചെയ്താൽ കുട്ടിയെ ഇപ്പോൾ മടക്കിതരുമോ ? പൈസ ‍ഞങ്ങൾക്കു വിഷയമല്ല. കുട്ടിയെ ഉപദ്രവിക്കരുത്. 

സ്ത്രീ: ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് രാവിലെ 

10 നു കൊടുക്കണം എന്നാണ്. (തുടർന്നു കോൾ‌ കട്ടായി.)

കണ്ണിമ ചിമ്മാതെ കാവലിരുന്ന് നാട്

ഓയൂർ ∙ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കാറിന്റെ പടവും കുട്ടിയുടെ ചിത്രങ്ങളും സഹിതം എത്തിയ വാട്സാപ് സന്ദേശം കണ്ട് നാട്ടുകാർ ആദ്യമൊന്ന് അമ്പരന്നു. ഉത്തരേന്ത്യയിൽ നടക്കുന്ന പതിവു സംഭവം... നമ്മുടെ നാട്ടിലോ? സംഭവം സത്യമാണെന്നു തിരച്ചറിഞ്ഞതോടെ രക്ഷിതാക്കൾക്ക് പിന്തുണ അറിയിച്ച് നാട് ഒഴുകിയെത്തി. രാത്രി വൈകിയും നാട്ടുകാർ റെജിക്കും സിജിക്കും കൂട്ടായി എത്തുന്നുണ്ട്.

ഏറെ സങ്കടം അബിഗേലിന്റെ അപ്പച്ചൻ ജോണിക്കും അമ്മച്ചി ലില്ലിക്കുട്ടിക്കുമാണ്. നേരത്തെ അബിഗേലിനെയും സഹോദരനെയും ട്യൂഷൻ കൊണ്ടുപോയി വിട്ടിരുന്നതും വിളിച്ചുകൊണ്ടു വന്നിരുന്നതും അപ്പച്ചനും അമ്മച്ചിയുമാണ്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് കുഞ്ഞുങ്ങൾക്കു തുണപോകാതിരുന്നത്. 

മരുതമൺപള്ളി – അമ്പലംകുന്ന് റോഡിലാണ് സംഭവം നടന്നത്. പലപ്പോഴും വിജനമാണ്. അതുകൊണ്ടു തന്നെയാണ് തട്ടിക്കൊണ്ടുപോകലിന് ഈ സ്ഥലം സംഘം തിരഞ്ഞെടുത്തതെന്നാണ് നിഗമനം. വിജനമായിരുന്ന ആ വഴിയിലാണ് നാടൊഴുകി എത്തിയിരിക്കുന്നത്. ആ കുഞ്ഞിന്റെ ചിരിയ്ക്കായാണ് എല്ലാവരുടെയും പ്രാർഥന. 

Kollam Girl Missing:

Kidnapping of six year old girl Abigel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com