വായ്പാ തിരിച്ചടവ് മുടങ്ങി; ക്ഷീരസംഘം മുൻ പ്രസിഡന്റ് വീട്ടിൽ ജീവനൊടുക്കി
Mail This Article
കൊളക്കാട് (കണ്ണൂർ) ∙ പശുവിനെ വാങ്ങാൻ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിൽ (ജെഎൽജി) നിന്ന് ഭാര്യയുടെ പേരിലെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി കടബാധ്യതയിലായ ക്ഷീരസംഘം മുൻ പ്രസിഡന്റ് ജീവനൊടുക്കി. കൊളക്കാട് ക്ഷീരോൽപാദക സഹകരണ സംഘം സ്ഥാപക പ്രസിഡന്റ് കൂടിയായ രാജമുടിയിലെ എം.ആർ.ആൽബർട്ട് മുണ്ടയ്ക്കലിനെയാണു (73) വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേരള ബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്ന് ഭാര്യ അൽഫോൻസയുടെ പേരിൽ എടുത്ത 2,02,040 രൂപ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ജെഎൽജി ഗ്രൂപ്പിന് നോട്ടിസ് ലഭിച്ചിരുന്നു.
ഇതിന്റെ മനോവിഷമത്തെ തുടർന്നാണ് ആൽബർട്ട് ആത്മഹത്യ ചെയ്തതെന്നാണു പറയുന്നത്. മറ്റു ബാങ്കുകളിലെ കടവും ചേർത്ത് 10 ലക്ഷത്തോളം രൂപയുടെ കടബാധ്യയുണ്ടെന്നാണു ബന്ധുക്കൾ പറയുന്നത്. സ്വാശ്രയ സംഘത്തിൽ നിന്നു വായ്പയ്ക്കു ശ്രമിച്ചെങ്കിലും നടന്നില്ല. കുടിശികയായ വായ്പാ തുക ഈ മാസം 30നു മുൻപായി പൂർണമായി അടയ്ക്കണമെന്നും ബാങ്കിൽ ഹാജരാകണമെന്നും കാണിച്ച് 18ന് കേരള ബാങ്ക് പേരാവൂർ ശാഖാ മാനേജർ ജെഎൽജി ഗ്രൂപ്പിന് നോട്ടിസ് അയച്ചിരുന്നു. ഈ നോട്ടിസ് കഴിഞ്ഞദിവസം ലഭിക്കുകയും ഇന്നലെ ബാങ്കിൽ പോയി അന്വേഷിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
25 വർഷത്തോളം ക്ഷീരസംഘം പ്രസിഡന്റായിരുന്നു ആൽബർട്ട്. ഒരു മാസം മുൻപാണു സ്ഥാനമൊഴിഞ്ഞത്. മറ്റു ബാങ്കുകളിലെ കടം തീർക്കാൻ പശുക്കളെ വിൽക്കേണ്ടി വന്നതിനാൽ പാൽ അളവ് നിലച്ചിരുന്നു. അതിനാൽ ഇത്തവണ മത്സരരംഗത്ത് അദ്ദേഹം ഉണ്ടായിരുന്നില്ല. കോൺഗ്രസ് കണിച്ചാർ മണ്ഡലം സെക്രട്ടറിയാണ് ആൽബർട്ട്. ഭാര്യ: അൽഫോൻസ. മക്കൾ ആശ, സിസ്റ്റർ അനിത, അമ്പിളി. മരുമകൻ: ജിതിൻ. സംസ്കാരം ഇന്നു വൈകിട്ട് 5ന് രാജമുടി ഇൻഫന്റ് ജീസസ് പള്ളിയിൽ.
കേരള ബാങ്കിന്റെ വിശദീകരണം
മരിച്ച ആൽബർട്ടിന് കേരള ബാങ്കിൽ വായ്പയില്ലെന്നും ആൽബർട്ടിന്റെ ഭാര്യ ഉൾപ്പെടുന്ന ജെഎൽജി ഗ്രൂപ്പിനാണ് വായ്പ നൽകിയിട്ടുള്ളതെന്നും കേരള ബാങ്ക് അധികൃതർ അറിയിച്ചു. ബാങ്കിന്റെ ഭാഗത്തു നിന്നു ജപ്തി നടപടിയും ഭീഷണിയും ഉണ്ടായിട്ടില്ല. റവന്യു റിക്കവറി നോട്ടിസ് നൽകും മുൻപു ശാഖയിൽ നിന്നു കത്ത് അയയ്ക്കുക മാത്രമാണു ചെയ്തത്. 5 പേരടങ്ങുന്ന ജെഎൽജി ഗ്രൂപ്പിന് ഈടൊന്നും വാങ്ങാതെ 3,50,000 രൂപയാണു വായ്പ നൽകിയിരുന്നത്. നിലവിൽ ഈ ഗ്രൂപ്പിലെ 5 പേരും ചേർന്ന് 2,02,040 രൂപയാണു തിരിച്ചടയ്ക്കാനുള്ളത്. ഇതിൽ ഒരാൾ അടയ്ക്കേണ്ട തുക 40,408 രൂപ മാത്രമാണ്. കേരള ബാങ്കിന് എതിരെ കള്ള പ്രചാരണമാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു.