കുട്ടികൾ ഒരു മണിക്കൂർ പൊരിവെയിലിൽ; അന്വേഷണം വരുന്നു
Mail This Article
തിരുവനന്തപുരം ∙ നവകേരള സദസ്സിൽ സ്കൂൾ സമയത്തു വിദ്യാർഥികളെ പങ്കെടുപ്പിച്ചതിൽ അന്വേഷണമുണ്ടാകുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് വ്യക്തമാക്കി. സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടതോടെ, ലഭിച്ച പരാതിയിൽ തുടർനടപടി സംബന്ധിച്ചു നിയമോപദേശം തേടാൻ സംസ്ഥാന ബാലാവകാശ കമ്മിഷനും തീരുമാനിച്ചു. ബാലാവകാശ കമ്മിഷനിലും ഹൈക്കോടതിയിലും പരാതി നൽകിയത് എംഎസ്എഫ് ആണ്.
മുഖ്യമന്ത്രി കടന്നുപോകുമ്പോൾ അഭിവാദ്യം ചെയ്യാൻ പാനൂരിൽ സ്കൂൾ വിദ്യാർഥികളെ ഒരു മണിക്കൂറോളം പൊരിവെയിലിൽ നിർത്തിയ സംഭവത്തിൽ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ, സ്കൂൾ അധികൃതർ എന്നിവർക്കു കമ്മിഷൻ നോട്ടിസ് അയച്ചിരുന്നു. 15 ദിവസത്തിനകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നു. ചമ്പാട് എൽപിഎസ്, ചോതാവൂർ ഹൈസ്കൂൾ, ചമ്പാട് വെസ്റ്റ് യുപിഎസ് എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണു തലശേരിയിൽനിന്നു കൂത്തുപറമ്പിലേക്കുള്ള റോഡിന്റെ അരികിൽ ഒരു മണിക്കൂറോളം നിർത്തിയത്.
കഴിഞ്ഞ ദിവസം എടപ്പാളിലും നവകേരള സദസ്സിനെ അഭിവാദ്യം ചെയ്യാൻ സ്കൂൾ വിദ്യാർഥികളെ റോഡിലിറക്കി നിർത്തിയിരുന്നു. ബാലാവകാശ കമ്മിഷന്റെ ഉത്തരവനുസരിച്ചു മാത്രമേ വിദ്യാർഥികളെ നവകേരള സദസ്സിന്റെ ഭാഗമാക്കാവൂ എന്നാണു സർക്കാർ തീരുമാനിച്ചിരുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. ഇതു മറികടന്നു വിദ്യാർഥികളെ പങ്കെടുപ്പിച്ചതു സർക്കാരിന്റെയോ, വിദ്യാഭ്യാസ വകുപ്പിന്റെയോ അറിവോടെയല്ലെന്നും ഡയറക്ടർ പറഞ്ഞു.