കുട്ടിയെ കണ്ടെത്തിയ വിദ്യാർഥികൾ പറയുന്നു: ‘സ്ത്രീ പോയി; കുട്ടി ഒറ്റയ്ക്കായി’
Mail This Article
കൊല്ലം ∙ ‘കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സ്ത്രീ എഴുന്നേറ്റു പോകുന്നതു കണ്ടപ്പോൾ വെള്ളം വാങ്ങാനാണെന്നു കരുതി. കുട്ടിക്കു നല്ല ക്ഷീണം ഉണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ കുട്ടിയോടു കാര്യം ചോദിച്ചു. പപ്പയെ വിളിക്കാൻ പോയെന്നാണു കുട്ടി പറഞ്ഞത്. അപ്പോഴാണു ഞങ്ങൾക്കു സംശയം തോന്നിയത്. കുട്ടിയുടെ പടം മൊബൈൽ ഫോണിൽ നോക്കി. മാസ്ക് ധരിച്ചിരുന്നെങ്കിലും കട്ടിപ്പുരികങ്ങൾ കണ്ടു തിരിച്ചറിഞ്ഞു. ഉടൻ സമീപത്തുണ്ടായിരുന്ന ഒരു അങ്കിളിനോട് പറഞ്ഞു.’– ആശ്രാമം മൈതാനത്തു കുട്ടിയെ കണ്ടെത്തിയ എസ്എൻ കോളജ് വിദ്യാർഥിനികളായ ധനഞ്ജയയും ജിൻഷയും ദിവ്യയും പറഞ്ഞു.
‘സ്ത്രീ നടന്നു പോയി അൽപം കഴിഞ്ഞപ്പോൾ ഒരു പിക്കപ് വാൻ വന്നു ഞങ്ങളുടെ മുന്നിൽ നിർത്തി. അതിൽ 2 പേർ ഉണ്ടായിരുന്നു. അവർ ഞങ്ങളെ രൂക്ഷമായി നോക്കി. അവരുടെ വിഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ വാഹനം വിട്ടുപോയി. സ്ത്രീയുടെ വേഷം ചുരിദാർ ആയിരുന്നു. മഞ്ഞ ടോപ്പ് ആണു ധരിച്ചിരുന്നത് – വിദ്യാർഥിനികൾ പറഞ്ഞു.
മൂന്നാം വർഷ ബികോം വിദ്യാർഥിനികളാണു 3 പേരും. 12.30നു പരീക്ഷ കഴിഞ്ഞ ഇവർ ആശ്രാമം ലക്ഷ്മണ നഗറിലെ ജിൻഷയുടെ വീട്ടിലേക്കു പോവുകയായിരുന്നു. മൈതാനം ജംക്‌ഷനിൽ ഇറങ്ങി നടന്നു പോകുന്നതിനിടെ കുറച്ചു നേരം മരത്തണലിലെ ബെഞ്ചിൽ ഇരിക്കാൻ ഒരുങ്ങിയപ്പോഴാണു മുൻപേ നടന്നു പോവുകയായിരുന്ന സ്ത്രീയും കുട്ടിയും അവിടെ ഇരുന്നത്. വിദ്യാർഥിനികൾ ഇരുന്നയുടൻ സ്ത്രീ എഴുന്നേറ്റു പോകുകയും ചെയ്തു. കുണ്ടറ കാഞ്ഞിരക്കോട് സ്വദേശിയാണ് ധനഞ്ജയ. കേരളപുരം സ്വദേശിയാണ് ദിവ്യ.