അവർ സ്മാർട്ടായി, പൊലീസ് പതറി; അന്വേഷണം ഊർജിതമാക്കി, പക്ഷേ, പഴുതടച്ചില്ല
Mail This Article
തിരുവനന്തപുരം / കൊല്ലം ∙ ഓയൂരിൽ 6 വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം അൽപം സ്മാർട്ടായപ്പോൾ പൊലീസ് പതറിപ്പോയി. തട്ടിക്കൊണ്ടുപോയവർ ഒരു തവണ പോലും ഫോൺ ഉപയോഗിച്ചില്ല, വ്യാജ നമ്പർ വാഹനത്തിൽ കറങ്ങുകയും ചെയ്തു. ഇതോടെ പൊലീസ് ‘നിരായുധരായി’.
2 മണിക്കൂറോളം വൈകി പൊലീസ് രംഗത്തിറങ്ങിയപ്പോഴേക്കും അബിഗേലുമായി പ്രതികൾ സുരക്ഷിത താവളത്തിലെത്തി. കാറും ചിത്രത്തിൽ നിന്നു മാഞ്ഞു. പിന്നെയുള്ള സഞ്ചാരം ഓട്ടോയിൽ. പക്ഷേ, അപ്പോഴും പൊലീസ് വെള്ളക്കാറുകൾ തപ്പുന്ന തിരക്കിലായിരുന്നു. 21 മണിക്കൂർ പിന്നിട്ട് ഇന്നലെ ഉച്ചയ്ക്കു കൊല്ലം നഗരമധ്യത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കുമ്പോഴും പിന്നാലെ ഓടിയെത്താനേ പൊലീസിനു കഴിഞ്ഞുള്ളൂ.
തട്ടിക്കൊണ്ടുപോയ സംഭവം തിങ്കളാഴ്ച വൈകിട്ട് 5 ന് അറിഞ്ഞയുടൻ മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുന്നതുൾപ്പെടെയുള്ള നടപടികളും വൈകി. ടിവി ചാനലുകൾ ലൈവ് സംപ്രേഷണം തുടങ്ങിയ ശേഷമാണു വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അബിഗേലിന്റെ വീട്ടിലെത്തുന്നത്. അതിർത്തികൾ അടച്ചു പരിശോധന നടത്തുന്നതായി പൊലീസ് പറയുമ്പോഴും തിങ്കളാഴ്ച രാത്രി ഏഴരയോടെ പ്രതികളുടെ സംഘത്തിലെ സ്ത്രീയും പുരുഷനും പാരിപ്പള്ളി കിഴക്കനേല ഭാഗത്തെ കടയിലെത്തി സാധനങ്ങൾ വാങ്ങി. സംഭവം നടന്നു 3 മണിക്കൂറിനു ശേഷവും സംഘം റോഡിലുണ്ടായിരുന്നുവെന്നർഥം.
വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസി ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിക്കുന്നതു രാത്രിയിലാണ്. എഐ ക്യാമറകൾ ഉള്ളയിടങ്ങളിലൂടെ കാർ കടന്നുപോയിട്ടില്ലെന്നാണു പൊലീസിന്റെ വാദം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെ മൊബൈൽ ടവറിനു കീഴിൽ ആ സമയം ഉണ്ടായിരുന്ന ഫോണുകളുടെ വിവരങ്ങൾ തേടി തിങ്കളാഴ്ച വൈകിട്ടു തന്നെ പൊലീസ് സർവീസ് പ്രൊവൈഡർമാർക്ക് ഇമെയിൽ നൽകിയെങ്കിലും വിവരം ലഭിച്ചത് ഇന്നലെ രാവിലെ 10.30നാണ്.
കാറിൽ വ്യാജ നമ്പർ വച്ചാണു വന്നതെങ്കിലും പതിനഞ്ചിലധികം സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കെഎൽ–23 എന്ന രണ്ടക്ക നമ്പർ കൃത്യമായത്. സൈബർ ടീം ഫൊറൻസിക് ടൂൾ ഉപയോഗിച്ചു പരിശോധിച്ചപ്പോൾ കാർ മലപ്പുറം എടവണ്ണ സ്വദേശിയുടേതാണെന്നു തിങ്കളാഴ്ച 6.30 നു തന്നെ മനസ്സിലായി. കാറും ഉടമയും തിങ്കളാഴ്ച പുറത്തിറങ്ങിയിട്ടുമില്ല. കൊല്ലം ജില്ലയിൽ ഇത്തരം 3200 വെള്ളക്കാറുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ നിന്ന് ഓരോന്നും പരിശോധിച്ചുവേണം പ്രതികളുടേതു കണ്ടെത്താൻ. ഇതിനു 4 ദിവസം വേണമെന്നാണു നിഗമനം.
ഓയൂരിൽനിന്നു കുട്ടിയുമായി കടന്ന കാർ ഏതാണ്ട് 15 കിലോമീറ്റർ ദൂരത്തെവിടെയോ ആണു കാണാതായത്. ഇതു സിസിടിവിയിൽ അവസാനം തെളിഞ്ഞതു തിങ്കളാഴ്ച വൈകിട്ട് 5.20നാണ്. പിന്നീട് ഓട്ടോയിലാണു പ്രതികൾ കറങ്ങിയത്. രാത്രി കഴിഞ്ഞത് ഒരു വീട്ടിലാണെന്ന് അബിഗേൽ പൊലീസിനോടു വെളിപ്പെടുത്തി. ചുരുങ്ങിയ സമയം കൊണ്ടു കൊല്ലം നഗരത്തിലെത്താൻ കഴിയുംവിധം തൊട്ടടുത്തെവിടെയോ പ്രതികൾ കുട്ടിയുമായി കഴിഞ്ഞെന്നാണ് അനുമാനം. ഐജി സ്പർജൻകുമാറിന്റെയും ഡിഐജി നിശാന്തിനിയുടെയും നിർദേശാനുസരണം കൊല്ലം റൂറൽ എസ്പി കെ.എം.സാബു മാത്യുവിന്റെ നേതൃത്വത്തിൽ 13 സംഘങ്ങൾ രൂപീകരിച്ചായിരുന്നു അന്വേഷണം.