കെഎസ്ആർടിസിയിൽ 4 കെഎഎസ് ഉദ്യോഗസ്ഥർക്ക് നിയമനം
Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ജനറൽ മാനേജർ തസ്തികയിൽ എൻജിനീയറിങ് ബിരുദധാരികളായ 4 കെഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു.
കെഎഎസുകാരെ ആദ്യമായാണ് ഒരു പൊതു മേഖലാ സ്ഥാപനത്തിൽ നിയമിക്കുന്നത്. കെഎസ്ആർടിസിയിൽ പ്രഫഷനലിസം കൊണ്ടുവരണമെന്നുള്ള സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും മാനേജ്മെന്റ് ഘടന ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായിട്ടുമാണ് ഈ നിയമനം. ആദ്യ ഘട്ടത്തിലെ പരിശീലനത്തിനു ശേഷം ഇവരെ 3 മേഖലാ ആസ്ഥാനങ്ങളിൽ നിയമിക്കും.
മലപ്പുറം ഡപ്യൂട്ടി കലക്ടർ ( ഡിസാസ്റ്റർ മാനേജ്മെന്റ്) എസ്.എസ്.സരിൻ , കോഴിക്കോട് ജില്ലാ ഓഡിറ്റ് ഓഫിസിലെ ഡപ്യൂട്ടി ഡയറക്ടർ ജോഷോ ബെനെറ്റ് ജോൺ , സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് ഇടുക്കി ഓഫിസിലെ ഡപ്യൂട്ടി കമ്മിഷണർ (ഇന്റലിജൻസ്) ആർ.രാരാരാജ് , കണ്ണൂർ ഇറിഗേഷൻ പ്രോജക്ടിലെ ഫിനാൻഷ്യൽ അസിസ്റ്റന്റ് റോഷ്ന അലിക്കുഞ്ഞ് എന്നിവരാണ് കെഎസ്ആർടിസിയിലെത്തിയത്.