ജിലുമോൾ കാൽ കൊണ്ട് സ്റ്റിയറിങ് തിരിക്കും, കാറോടും ചരിത്രത്തിലേക്ക്
Mail This Article
തിരുവനന്തപുരം ∙ കൈകളില്ലെങ്കിലും കാലുകൾ കൊണ്ട് ചരിത്രത്തിലേയ്ക്ക് വണ്ടി ഓടിക്കും ഇടുക്കിക്കാരി ജിലുമോൾ. 6 വർഷത്തെ പോരാട്ടത്തിനൊടുവിൽ, സംസ്ഥാന ഭിന്നശേഷി കമ്മിഷന്റെ ഇടപെടലിനെ തുടർന്നാണ് ജിലുമോൾക്ക് (32) ഡ്രൈവിങ് ലൈസൻസ് ലഭിച്ചത്. ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ, ഇങ്ങനെ ലൈസൻസ് ലഭിക്കുന്ന ആദ്യ വനിതയാണ് ജിലുമോളെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ ‘മനോരമ’യോടു പറഞ്ഞു.
തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് പരേതരായ എൻ.വി.തോമസ്– അന്നക്കുട്ടി ദമ്പതികളുടെ 2 പെൺമക്കളിൽ ഇളയവളായ ജിലുമോൾ ഇരുകൈകളുമില്ലാതെയാണ് പിറന്നത്. എറണാകുളം വടുതലയിലെ മരിയ ഡ്രൈവിങ് സ്കൂളിലെ ജോപ്പനിൽ നിന്നു ഡ്രൈവിങ് പഠിച്ചു. എന്നാൽ, ലൈസൻസിനായി തൊടുപുഴ ആർടിഒ ഓഫിസിലെത്തിയപ്പോൾ തിരിച്ചയച്ചു. ഹൈക്കോടതിയെ സമീപിച്ചപ്പോൾ അപേക്ഷ സ്വീകരിക്കാൻ മോട്ടർ വാഹന വകുപ്പിനു നിർദേശം. കാറിൽ രൂപമാറ്റം നടത്തിയ ശേഷം വരാൻ മോട്ടർവാഹന വകുപ്പ് ആവശ്യപ്പെട്ടു.
രൂപമാറ്റം വരുത്തിയ കാറിൽ കാലുകൾ ഉപയോഗിച്ച് വാഹനം നിയന്ത്രിച്ചു. എന്നാൽ, വീണ്ടും മടക്കി അയച്ചപ്പോഴാണ് സംസ്ഥാന ഭിന്നശേഷി കമ്മിഷനെ സമീപിച്ചത്. നവകേരള സദസ്സിന്റെ ഭാഗമായി ഇന്നു പാലക്കാട് രാമനാഥപുരം ക്ലബ് 6 കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജിലുമോൾക്ക് ലൈസൻസ് കൈമാറും.
∙ ഒന്നും അസാധ്യമല്ല
‘ഒന്നും അസാധ്യമല്ലെന്നു തിരിച്ചറിയണം. കൈകളില്ലെങ്കിലും എനിക്ക് കരുത്തായി കാലുകളുണ്ട്.’ – ജിലുമോൾ