കണ്ണൂർ വിസിയെയും കേരള സെനറ്റ് അംഗങ്ങളെയും സ്വയം തീരുമാനിച്ച് ഗവർണർ; ഡോ. ബിജോയ് നന്ദൻ കണ്ണൂർ വിസി
Mail This Article
തിരുവനന്തപുരം ∙ സുപ്രീം കോടതി വിധിക്കു പിന്നാലെ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. എസ്.ബിജോയ് നന്ദനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് മറൈൻ സയൻസസിലെ സീനിയർ പ്രഫസറായ ഡോ. ബിജോയ് നന്ദൻ പുതിയ ചുമതലയേറ്റു. നിലവിലുള്ള ജോലിക്കു പുറമേയാണിത്. കേരള സർവകലാശാലാ സെനറ്റിലേക്കു ചാൻസലറുടെ പ്രതിനിധികളായി 17 പേരെ ഗവർണർ സ്വന്തം നിലയിൽ നാമനിർദേശം ചെയ്തിട്ടുമുണ്ട്. 2 പേരൊഴികെ മിക്കവരും ബിജെപി അനുഭാവികളാണ്. രണ്ടു തീരുമാനങ്ങളും സർക്കാരുമായി ആലോചിക്കാതെയാണ്.
കേരള സെനറ്റിലേക്ക് വിസി സമർപ്പിച്ച 17 പേരുടെ പട്ടികയിലെ 2 പേരൊഴികെ എല്ലാവരെയും ഗവർണർ സ്വന്തം നിലയിൽ കണ്ടെത്തി. ബിജെപി ജില്ലാ നേതൃത്വമാണു പേരുകൾ നൽകിയതെന്ന് അറിയുന്നു. മുൻപ് കാലിക്കറ്റ് സെനറ്റിലും വിസി നിർദേശിച്ച 18 പേരിൽ 2 പേരൊഴികെ എല്ലാവരെയും ഗവർണർ സ്വന്തം നിലയിൽ നാമനിർദേശം ചെയ്യുകയായിരുന്നു. ബിജെപി അംഗങ്ങളായ 2 പേർ കേരളയിലും ഒരാൾ കാലിക്കറ്റിലും സിൻഡിക്കറ്റ് അംഗങ്ങളാകുമെന്ന് ഇതോടെ ഉറപ്പായി.
ബിജോയ് നന്ദന്റെ പേരിൽ രണ്ടു കടൽജീവികൾ
മറൈൻ ബയോളജി ഗവേഷകനാണ് ഡോ. ബിജോയ് നന്ദൻ. ഇദ്ദേഹത്തിന്റെ പേരു ചേർത്ത് നാമകരണം ചെയ്യപ്പെട്ട കടൽജീവികളാണ് ഞണ്ടു വിഭാഗത്തിലെ അനിപ്തുംനസ് ബിജോയി, ആഴക്കടൽജീവിയായ സൈലോഫാഗ നന്ദാനി എന്നിവ. മുൻപ് ‘കുഫോസ്’ വിസിയുടെ ചുമതല നൽകാൻ പരിഗണിച്ച സീനിയർ പ്രഫസർമാരുടെ പട്ടികയിലുണ്ടായിരുന്നു ബിജോയ് നന്ദൻ.