‘ഭർത്താവേ, ഭരണകർത്താവേ...ഡിഎ എവിടെ സർക്കാരെ?’, മന്ത്രിയുടെ ഭാര്യയും ചോദിക്കുന്നു
Mail This Article
തിരുവനന്തപുരം ∙ ഡിഎ ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തിയ സമരത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഭാര്യ ഡോ. ആശ പ്രഭാകരനും. സിപിഎം അനുകൂല സർവീസ് സംഘടനയായ ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (എകെപിസിടിഎ) സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഉപവാസ സമരത്തിൽ ആദ്യാവസാനം സജീവമായിരുന്ന ആശ, സർക്കാരുകൾക്കെതിരെ മുദ്രാവാക്യം മുഴക്കി. തിരുവനന്തപുരം എംജി കോളജ് ഇംഗ്ലിഷ് വിഭാഗം അധ്യാപികയാണ് ആശ.
നിഷേധിച്ച ഡിഎ, ഏഴാം ശമ്പള പരിഷ്കരണത്തിന്റെ പൂർണ ആനുകൂല്യങ്ങൾ, വിരമിച്ച അധ്യാപകരുടെ പെൻഷൻ എന്നിവ അനുവദിക്കുക, വർക് ലോഡ് കമ്മിറ്റി ശുപാർശ നടപ്പാക്കുക, വിരമിച്ച അധ്യാപകരുടെ സർവീസ് പ്രശ്നങ്ങൾ പരിഹരിക്കുക, ഗെസ്റ്റ് അധ്യാപക വേതനം കൂട്ടുക, ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ തടഞ്ഞ 750 കോടി അനുവദിക്കുക, ഉന്നതവിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണവും അമിതാധികാര പ്രയോഗവും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ യുജിസി അധ്യാപകരുടെ ശമ്പളപരിഷ്കരണ കുടിശിക നൽകാതിരിക്കുന്നത്. കേന്ദ്ര വിഹിതം കിട്ടിയില്ലെന്നും ആരോപിക്കുന്നു.