ഒറ്റയ്ക്കു ജയിക്കാമെന്ന ചിന്ത കോൺഗ്രസിന് ആപത്തായി: പിണറായി വിജയൻ
Mail This Article
പാലക്കാട് ∙ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു ജയിക്കാമെന്ന നിലപാടാണു മൂന്നു സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ കനത്ത തോൽവിക്കു കാരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് നവകേരള സദസ്സിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ വിജയിച്ചു കഴിഞ്ഞു എന്ന ചിന്തയിലാണു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വലിയ ശക്തിയാണ്, ആർക്കും തങ്ങളെ നേരിടാനാകില്ല എന്ന കോൺഗ്രസിന്റെ ധാരണ ആപത്തിലേക്കു നയിച്ചുവെന്നാണ് ഇപ്പോൾ കാണുന്നത്. വരാൻ പോകുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ രാജ്യം കണ്ടിരുന്നത്. ഇവിടങ്ങളിൽ ജനങ്ങൾ ഉറപ്പിച്ചിരുന്ന ഒരു കാര്യം ബിജെപിയുടെ സമ്പൂർണ തകർച്ചയായിരുന്നു.
മറ്റു മതനിരപേക്ഷ പാർട്ടികളെ ഒപ്പംകൂട്ടാൻ കോൺഗ്രസ് തയാറായില്ല. സമാജ്‌വാദി പാർട്ടിക്ക് വലിയ പ്രകോപനം സൃഷ്ടിക്കുമാറാണ്, അവരുമായി ബന്ധമുണ്ടാക്കില്ലെന്ന കോൺഗ്രസ് പ്രഖ്യാപനം വന്നത്.ബിജെപിയുടെ തെറ്റായ നയങ്ങൾ എതിർക്കുന്നതിനു പകരം കോൺഗ്രസ് നേതാവ് കമൽനാഥിന്റെ പ്രചാരണ രീതികൾ ബിജെപിയുടെ ബി ടീമായി നിൽക്കുന്ന രീതിയിലായിരുന്നു എന്നും കുറ്റപ്പെടുത്തി.
സെമിഫൈനൽ ഉജ്വലം; ഇനി തകർപ്പൻ ഫൈനൽ: സുരേന്ദ്രൻ
കോഴിക്കോട്∙ സെമിഫൈനൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്വല വിജയമാണെന്നും തകർപ്പൻ ഫൈനലിലേക്കാണ് പോവുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ വരും എന്ന കൃത്യമായ സൂചനയാണ് നാലിൽ മൂന്നിടത്തെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഇനി രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തന്നെ മൽസരിക്കേണ്ടി വരും. ‘കേരളത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി’ എന്ന കാർഡ് ഇറക്കിയാലും മലയാളികൾ വഞ്ചിക്കപ്പെടരുത്. സുരേന്ദ്രൻ പറഞ്ഞു.
മോദി സർക്കാരിന്റെ നയങ്ങൾക്കുള്ള അംഗീകാരം: കുമ്മനം
തിരുവനന്തപുരം∙ നരേന്ദ്രമോദി സർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ വ്യാജ പ്രചാരണങ്ങൾക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ. മോദി സർക്കാരിന്റെ നയങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വലിയ വിജയത്തിന്റെ സൂചന: ബിജെപിയെ അഭിനന്ദിച്ച് ജനതാദൾ
ബെംഗളൂരു∙ മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപിയെ കർണാടകയിലെ സഖ്യകക്ഷിയായ ജനതാദൾ (എസ്) അഭിനന്ദിച്ചു. ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ, സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി എന്നിവരാണ് അനുമോദിച്ച് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നതായി ദേവെഗൗഡ കുറിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന്റെ സൂചനയാണ് ഫലങ്ങളെന്നു കുമാരസ്വാമിയും പറഞ്ഞു.