സിപിഎം നേതാവിന്റെ നേതൃത്വത്തിൽ സായുധസംഘത്തിന്റെ അഴിഞ്ഞാട്ടം; 11 വണ്ടികൾ തകർത്തു
Mail This Article
കാട്ടാക്കട (തിരുവനന്തപുരം) ∙ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കാറിലെത്തിയ സായുധസംഘം രാത്രി മാറനല്ലൂരിൽ മണിക്കൂറുകൾ അഴിഞ്ഞാടി വ്യാപക അക്രമം നടത്തി. കോൺഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ വീടും റോഡരികിലെ 11 വാഹനങ്ങളും തകർത്തു. സിപിഎം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറിയും ഊരുട്ടമ്പലം ലോക്കൽ കമ്മിറ്റി അംഗവുമായ പാപ്പാകോട് കിഴക്കുംകര വീട്ടിൽ അഭിശക്ത് (30), ഡിവൈഎഫ്ഐ പ്രവർത്തകരായ മേലാരിയോട് ദിലീപ് ഭവനിൽ പ്രദീപ് (30), കൂവളശേരി ചാനൽക്കര പുത്തൻ വീട്ടിൽ വിഷ്ണു (32) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. സംഘം ലഹരിയിലായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിനു പിന്നാലെ ഇന്നലെ അഭിശക്തിനെ സിപിഎം പുറത്താക്കി.
പുലർച്ചെ ഒരു മണിയോടെയായിരുന്നു അക്രമത്തിന്റെ തുടക്കം. റോഡ് വക്കിൽ നിർത്തിയിരുന്ന വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മഞ്ഞറമൂല സ്വദേശി കുമാറിന്റെ വീട്ടിലെത്തി കുമാറിനു നേരെ വാളോങ്ങി വധഭീഷണി മുഴക്കി. വീടിന്റെ ജനാലച്ചില്ലുകൾ തകർത്തു. കുരുതംകോട് സ്വദേശി ജോസഫിന്റെ ചെന്നിയോടുള്ള കൃഷി നശിപ്പിച്ചു. മണിക്കൂറുകളോളം സംഘം ഈ പ്രദേശത്ത് കാറിൽ ചുറ്റിക്കറങ്ങി വ്യാപക അക്രമം അഴിച്ചു വിട്ടതായി പൊലീസ് പറഞ്ഞു. പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.