‘പേരെഴുതാനറിയാത്തവർക്കും എ പ്ലസ്’: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഏറ്റുപറച്ചിൽ
Mail This Article
തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷയിലെ ഉന്നതവിജയം മാർക്ക് ദാനത്തിലൂടെയാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ സമ്മതിക്കുന്ന ശബ്ദരേഖ പുറത്തായി. ഇതു സംബന്ധിച്ച് അദ്ദേഹത്തോടുതന്നെ മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടി. ശബ്ദരേഖ പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിൽ ഉടൻ റിപ്പോർട്ട് നൽകാനാണു നിർദേശം.
അക്ഷരം കൂട്ടിവായിക്കാനും സ്വന്തം പേരെഴുതാനും അറിയാത്ത കുട്ടികൾക്കുവരെ എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നൽകുകയാണെന്നും ഇത് അവരോടു ചെയ്യുന്ന ചതിയാണെന്നുമാണു പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് എസ്എസ്എൽസി പരീക്ഷാ ചോദ്യക്കടലാസ് തയാറാക്കുന്നവർക്കായി സംഘടിപ്പിച്ച ശിൽപശാലയിൽ പറഞ്ഞത്. വാരിക്കോരി മാർക്ക് വിതരണം വേണ്ടെന്ന നിർദേശവും ഡയറക്ടർ നൽകി. കഴിഞ്ഞ മാസം നടന്ന ശിൽപശാലയിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തായതോടെയാണു വിവാദമുയർന്നത്.
ഗ്രേഡിങ് സമ്പ്രദായത്തിലേക്കു മാറിയതോടെ എസ്എസ്എൽസിക്കു വിജയിക്കാനുള്ള മാർക്ക് നൽകുന്ന മോഡറേഷൻ സമ്പ്രദായം നിർത്തലാക്കിയിരുന്നു. വെറുതേ മാർക്ക് നൽകുന്നില്ലെന്നും പഠനനിലവാരം മെച്ചപ്പെട്ടതുകൊണ്ടാണ് ഉന്നതവിജയമെന്നുമായിരുന്നു പൊതുവിദ്യാഭ്യാസവകുപ്പിന്റെ അവകാശവാദം. ഇതിനെയാണു വകുപ്പു ഡയറക്ടർ തന്നെ ഖണ്ഡിക്കുന്നത്.
∙ ‘‘കുട്ടികളെ ജയിപ്പിക്കുന്നതിലൊന്നും ഞാൻ എതിരല്ല. 40–50% മാർക്ക് നൽകിക്കോട്ടെ. അവിടെ നിർത്തണം. അതിൽ കൂടുതൽ വെറുതേ നൽകരുത്. അതു സ്വയം നേടിയെടുക്കേണ്ടതാണെന്ന ധാരണ കുട്ടികൾക്കുവേണം. പരീക്ഷകൾ പരീക്ഷകളാവുക തന്നെ വേണം. എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നതു നിസ്സാര കാര്യമാണോ? ഞാൻ പഠിച്ച കാലത്ത് 5000 പേർക്കു മാത്രമായിരുന്നു എസ്എസ്എൽസിക്ക് ഡിസ്റ്റിങ്ഷൻ (80% മാർക്ക്). ഇപ്പോൾ 69,000 പേർക്കാണ് എ പ്ലസ് (90% മാർക്കിനു മുകളിൽ). എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾ വരെ അതിലുണ്ട്. റജിസ്റ്റർ നമ്പർ അക്ഷരത്തിലെഴുതാൻ കുട്ടിക്ക് അറിയില്ല. തെറ്റായി അതു രേഖപ്പെടുത്തിയതു കണ്ടുപിടിക്കാത്തതിന് എത്ര അധ്യാപകർക്കു നമ്മൾ നോട്ടിസ് കൊടുത്തു. സ്വന്തം പേര് എഴുതാനറിയാത്തവർക്കുവരെ എ പ്ലസ് നൽകുന്നു.
ഇതു കുട്ടികളോടുള്ള ചതിയാണ്. ഇല്ലാത്ത കഴിവുണ്ടെന്നു പറയുകയാണ്. വിദ്യാഭ്യാസകാര്യത്തിൽ ഇപ്പോൾ കേരളത്തെ കൂട്ടിക്കെട്ടുന്നതു ബിഹാറുമായിട്ടൊക്കെയാണ്. യൂറോപ്പിലെ മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്തിരുന്നിടത്തുനിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്.’’ – എസ്.ഷാനവാസ് (പ്രസംഗത്തിൽനിന്ന്)
∙ ‘‘വിദ്യാഭ്യാസത്തെ എങ്ങനെ സമീപിക്കണമെന്ന് ഒരു ആഭ്യന്തരയോഗത്തിൽ ഡയറക്ടർ വിമർശനാത്മകമായി അഭിപ്രായം പറഞ്ഞതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുക എന്നതു സർക്കാർ നയമല്ല. എല്ലാ കുട്ടികളെയും ഉൾച്ചേർത്തുകൊണ്ടു ഗുണമേന്മ കൂട്ടണമെന്നാണു നയം. അതിൽ മാറ്റം വരുത്തില്ല. കേരള വിദ്യാഭ്യാസമാതൃകയെ യുനിസെഫ് അടക്കമുള്ള രാജ്യാന്തര ഏജൻസികൾ പ്രകീർത്തിച്ചിട്ടുണ്ട്. ദേശീയ ഗുണനിലവാര സൂചികയിലും കേരളം മുന്നിലാണ്.’’ – വി.ശിവൻകുട്ടി (വിദ്യാഭ്യാസമന്ത്രി)
എസ്എസ്എൽസി 2022–23
വിജയം: 99.7%
മുഴുവൻ എ പ്ലസ് നേടിയവർ: 68,604
2021–22
വിജയം: 99.2%
മുഴുവൻ എ പ്ലസ് നേടിയവർ: 44,363