നവകേരള യാത്രയ്ക്കൊപ്പം ബജറ്റ് ചർച്ചയും
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കൊപ്പം ബസിൽ മണ്ഡലങ്ങളിൽ നിന്നു മണ്ഡലങ്ങളിലേക്കു നീങ്ങുകയാണെങ്കിലും സംസ്ഥാന ബജറ്റിനുള്ള ഒരുക്കങ്ങളിലേക്കു കടന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റ് അടുത്ത മാസം അവസാനത്തെ ആഴ്ച അവതരിപ്പിക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണിത്. ഇൗ മാസം 23ന് നവകേരള സദസ്സ് തുടരുന്നതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയിലാണ്.
ബുധനാഴ്ച മാളയിൽ വച്ച് സർവകലാശാല വൈസ് ചാൻസലർമാരുമായി മന്ത്രി ഓൺലൈൻ ചർച്ച നടത്തി. ഒരു വിഭാഗം വ്യാപാരികളുമായുള്ള പ്രാഥമിക ചർച്ചയും കഴിഞ്ഞു. നവകേരള സദസ്സിലെ പ്രഭാതയോഗങ്ങളിലെ നിർദേശങ്ങളും മന്ത്രിയുടെ സംഘം കുറിച്ചെടുക്കുന്നുണ്ട്. ബജറ്റിന്റെ ഒരുക്കങ്ങൾക്കുമാത്രം നാലംഗ സംഘം എല്ലാ സജ്ജീകരണങ്ങളുമായി ബസിനെ അനുഗമിക്കുന്നു.
എംഎൽഎമാരോട് നിർദേശങ്ങൾ ക്ഷണിച്ച് അടുത്തയാഴ്ച കത്തയയ്ക്കും. കഴിഞ്ഞ വർഷങ്ങളിലേതു പോലെ ഇത്തവണയും കിഫ്ബി പദ്ധതികൾ നിർദേശിക്കേണ്ടതില്ലെന്ന് എംഎൽഎമാരോട് ആവശ്യപ്പെടും. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന്റെ കടപരിധിയിൽ ഉൾപ്പെടുത്തിയതോടെ കിഫ്ബിക്കു കീഴിൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരുന്നതിനോടു സർക്കാരിന് യോജിപ്പില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബജറ്റ് ജനകീയമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കും.
പെൻഷൻ കൂട്ടുമോ?
ക്ഷേമ പെൻഷൻ 100 രൂപയെങ്കിലും കൂട്ടാൻ ബജറ്റിൽ നിർദേശം വരുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. ഘട്ടം ഘട്ടമായി വർധിപ്പിച്ച് പെൻഷൻ തുക 1,600 രൂപയിൽ നിന്ന് 2,500 രൂപയാക്കുമെന്നായിരുന്നു എൽഡിഎഫിന്റെ പ്രകടന പത്രിക. എന്നാൽ, രണ്ടാം പിണറായി സർക്കാരിനു പെൻഷൻ കൂട്ടിയിട്ടില്ല.