ഡോ. ഷഹ്നയുടെ മരണം: കുറ്റത്തിൽ പങ്കുള്ളവരെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ്
Mail This Article
തിരുവനന്തപുരം∙ യുവ ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ കേസിൽ പ്രതി ഡോ.റുവൈസ് ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ഇതിൽ പങ്കുള്ളവരെക്കുറിച്ചും വിശദമായി അന്വേഷിക്കാൻ പൊലീസ് തീരുമാനം. പ്രതിക്കു ജാമ്യം നൽകരുതെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തണമെന്നുമാണ് മെഡിക്കൽ കോളജ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്.
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച് സ്ത്രീധനം പോലുള്ള വിപത്തിന്റെ വക്താവായി മാറിയ പ്രതി, ഭാവി പ്രതീക്ഷയായ യുവ ഡോക്ടറെ ആത്മഹത്യയിലേക്കു നയിച്ചു. പ്രതിയുടെ നീച പ്രവൃത്തി അപരിഷ്കൃതവും നിയമങ്ങളുടെ ലംഘനവുമാണ്. സ്ത്രീധന നിരോധന നിയമപ്രകാരം കരുനാഗപ്പള്ളി, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന, കുറ്റകൃത്യത്തിനിടയാക്കിയ ചടങ്ങുകളെക്കുറിച്ച് അന്വേഷിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതിയുടെ ഫോൺ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കാനും തീരുമാനിച്ചു. ഡോ.എ.ജെ.ഷഹ്ന ജീവനൊടുക്കിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ചുമത്തിയ വകുപ്പുകളും ലഭിക്കാവുന്ന ശിക്ഷയും
ആത്മഹത്യാപ്രേരണക്കുറ്റം, സ്ത്രീധന നിരോധന നിയമം (നാലാം വകുപ്പ്) എന്നിവ പ്രകാരമാണ് മെഡിക്കൽ കോളജ് പൊലീസ് പ്രതി റുവൈസിനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 306 അനുസരിച്ച് 10 വർഷം വരെയും സ്ത്രീധന നിരോധന നിയമ പ്രകാരം 2 വർഷം വരെയും തടവുശിക്ഷ ലഭിക്കാം.
∙ സ്ത്രീധനം ചോദിച്ചാൽ ‘താൻ പോടോ’ എന്ന് പറയണം
‘സ്ത്രീധനം ആവശ്യപ്പെടുന്നവരോടു ‘താൻ പോടോ’ എന്നു പറയാനുള്ള കരുത്ത് പെൺകുട്ടികൾ നേടണം. നിയമം കൊണ്ടു മാറ്റാൻ കഴിയുന്നതല്ല സ്ത്രീധനമെന്ന തിന്മ. അതിനു നമ്മുടെ സമൂഹത്തിന്റെയും കുടുംബത്തിന്റെയും മനോഭാവം മാറണം.’ – മുഖ്യമന്ത്രി പിണറായി വിജയൻ