ചുമതലക്കാരനെ കാനം നിർദേശിച്ചു; ഇനി വേണം സ്ഥിരം സെക്രട്ടറി
Mail This Article
തിരുവനന്തപുരം ∙ പിൻഗാമിയെക്കുറിച്ചുള്ള അഭിപ്രായവും കൈമാറിയ ശേഷമാണ് കാനം രാജേന്ദ്രൻ വിടവാങ്ങിയത്. ചികിത്സയ്ക്ക് അവധിയെടുക്കുന്ന ഘട്ടത്തിൽ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു താൽക്കാലിക ചുമതല കൈമാറാമെന്നായിരുന്നു കാനത്തിന്റെ നിർദേശം. ചികിത്സയ്ക്കായി 3 മാസത്തെ അവധി വേണമെന്ന അപേക്ഷയാണ് പാർട്ടി കേന്ദ്രനേതൃത്വത്തിനു കാനം നൽകിയത്.
ആ സമയത്ത്, താൻ അംഗമായ കേന്ദ്ര സെക്രട്ടേറിയറ്റിൽ കേരളത്തിൽനിന്നുള്ള രണ്ടാമത്തെ അംഗമായ ബിനോയിയെ ചുമതല ഏൽപിക്കാമെന്നും നിർദേശിച്ചു. 16, 17 തീയതികളിൽ ചേരുന്ന ദേശീയ നിർവാഹകസമിതി യോഗം ഇക്കാര്യം ചർച്ച ചെയ്യാനിരിക്കെയാണ് കാനത്തിന്റെ വിടവാങ്ങൽ. താൽക്കാലിക ചുമതലക്കാരനു പകരം ഇനി സിപിഐക്ക് പൂർണ സെക്രട്ടറിയെയാണ് കണ്ടെത്തേണ്ടി വരുന്നത്. ബിനോയ് വിശ്വത്തിന് ഒപ്പം ദേശീയ നിർവാഹക സമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ പേരും പരിഗണിക്കപ്പെടും.