ADVERTISEMENT

കോട്ടയം ∙ അഖില കേരള ബാലജന സഖ്യത്തിൽനിന്നു പൊതുപ്രവർത്തനത്തിന്റെ ബാലപാഠം അഭ്യസിച്ചു വളർന്ന നേതാവായിരുന്നു കാനം രാജേന്ദ്രൻ. 1966 – 68 ൽ വാഴൂർ നവജീവൻ സഖ്യത്തിലായിരുന്നു കാനം പ്രവർത്തിച്ചത്. സഖ്യം കേന്ദ്ര സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.  സഖ്യം ക്യാംപിൽ കണിയാപുരം രാമചന്ദ്രൻ നടത്തിയ പ്രസംഗമാണ് തന്നെ പൊതുപ്രവർത്തത്തിലേക്ക് ആകർഷിച്ച ഘടകങ്ങളിലൊന്നെന്ന് കാനം പിന്നീടു പറ‍ഞ്ഞിട്ടുണ്ട്. യൂറോപ്പിലെ സാമൂഹികസ്ഥിതി, പൊതുപ്രവർത്തനം, യുവാക്കളുടെ ജീവിതരീതി എന്നിവയെപ്പറ്റിയാണ് കണിയാപുരം പ്രസംഗിച്ചത്.

വിദേശരാജ്യങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു കണിയാപുരത്തിന്റെ വരവ്. എല്ലാവർക്കും തൊഴിൽ, സാമൂഹികനീതി, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ പാശ്ചാത്യ മാതൃകകൾ കണിയാപുരം അവതരിപ്പിച്ചത് കാനത്തെ ആകർഷിച്ചു. സാമൂഹിക പ്രവർത്തനത്തിൽ യുവാക്കൾക്ക് ഏറെ ചെയ്യാനുണ്ടെന്ന അറിവും ആ പ്രസംഗത്തിലൂടെ ലഭിച്ചു. അങ്ങനെ സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കുന്നതിന് ഇടയായെന്നും കാനം പിന്നീടു പറഞ്ഞു.

നാടക അരങ്ങിലും നായകൻ

എഐഎസ്എഫ് 1970 ൽ നടത്തിയ കലാമേളയിൽ ‘രക്തപുഷ്പങ്ങൾ’ എന്ന നാടകത്തിൽ നായകനായിരുന്നു കാനം. എഴുപതുകളിൽ എഐവൈഎഫ് ആലുവയി‍ൽ നടത്തിയ യുവജനോത്സവത്തിൽ കോട്ടയം ജില്ലാ കമ്മിറ്റി അവതരിപ്പിച്ച നാടകത്തിലും കാനം വേഷമിട്ടു. അന്ന് അദ്ദേഹം കോട്ടയം ജില്ലാ സെക്രട്ടറിയാണ്. നിയമസഭാ ജൂബിലിയോടനുബന്ധിച്ച് നിയമസഭാ സാമാജികർ ചേർന്ന് നാടകം അവതരിപ്പിച്ചപ്പോഴും കാനം നടനായി. വി.എം.സുധീരൻ, വർക്കല രാധാകൃഷ്ണൻ, എം. കമലം, പന്തളം സുധാകരൻ എന്നിവരോടൊപ്പമാണ് കാനം അഭിനയിച്ചത്. ജഗതി എൻ.കെ.ആചാരിയാണ് ആ നാടകം സംവിധാനം ചെയ്തത്. ഇവന്റ് മാനേജ്മെന്റ് കമ്പനി എംഡിയുടെ വേഷമായിരുന്നു കാനത്തിന്.

കോട്ടയം ബസേലിയസ് കോളജിൽ പഠിക്കുന്ന കാലത്തു തന്നെ കാനം സാംസ്കാരിക, സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എഐവൈഎഫിൽ പ്രവർത്തിക്കുന്ന കാലത്ത് ജോൺ ഏബ്രഹാം, അരവിന്ദൻ തുടങ്ങിയവർക്കൊപ്പം ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. സിപിഐയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നാടക സമിതിയായ കെപിഎസിയുടെ പ്രസിഡന്റ് സ്ഥാനം കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞപ്പോൾ പിൻഗാമിയായത് കാനമാണ്. സിനിമാരംഗത്തെ തൊഴിലാളികൾക്കായി എഐടിയുസി സമരങ്ങൾ നടത്തിയപ്പോഴും അടിസ്ഥാനവേതനം ഉൾപ്പെടെ ഉറപ്പാക്കിയപ്പോഴും നേതൃസ്ഥാനത്തു കാനം ഉണ്ടായിരുന്നു. നടൻ തിലകൻ സിനിമാ രംഗത്തു വിലക്ക് നേരിട്ടപ്പോൾ ഒപ്പംനിന്ന അപൂർവം നേതാക്കളിലൊരാൾ കാനമായിരുന്നു.

English Summary:

Kanam Rajendran was a leader who grew up through Akhila Kerala Balajanasakhyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com