ADVERTISEMENT

തിരുവനന്തപുരം ∙ മുൻഗാമികളെപ്പോലെയല്ല, സംഘടനയെ പൂർണനിയന്ത്രണത്തിലാക്കി നയിക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ കാനം താൽപര്യപ്പെട്ടത്. പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ വർഷമാണു കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറിയായത്. സംഘടനയിലെ കാർക്കശ്യത്തിൽ പിണറായിയുടെ ശൈലി പിന്തുടർന്നത് കോടിയേരിയെക്കാൾ കാനമായിരുന്നു.

മത്സരത്തിന്റെ വക്കിൽനിന്നാണ് 2015 ലെ കോട്ടയം സമ്മേളനത്തിൽ സെക്രട്ടറിസ്ഥാനം ആദ്യമായി കയ്യിലെത്തിയത്. വെളിയം ഭാർഗവൻ ഒഴിഞ്ഞ്, സി.കെ.ചന്ദ്രപ്പൻ സെക്രട്ടറിയായ ഘട്ടത്തിൽ സെക്രട്ടറി സ്ഥാനം ആഗ്രഹിച്ച ചില നേതാക്കളുടെ നിരാശയുടെ ബാക്കിപത്രമായിരുന്നു പാർട്ടിയിലെ ചേരിതിരിവ്. സെക്രട്ടറി സ്ഥാനത്തിരിക്കെ ചന്ദ്രപ്പനും പന്ന്യനും അവരെ പിണക്കാതെ പോയെങ്കിൽ, പ്രതിരോധവും ആക്രമണവുമായിരുന്നു കാനം ശൈലി. അതോടെ അതു കാനം പക്ഷമായി. 

കഴിഞ്ഞ 8 വർഷവും സിപിഐയിൽ ഒരു കാനം ലൈനുണ്ടായിരുന്നു. എന്നാൽ ബുദ്ധിപൂർവം അതിനെ പാർട്ടി ലൈനിൽ തന്നെ അദ്ദേഹം വരച്ചുചേർത്തു. ഭാരവാഹിത്വത്തിൽനിന്ന് ഒഴിയാൻ 75 വയസ്സ് എന്നതു മാർഗനിർദേശം മാത്രമെന്നു കേന്ദ്രനേതൃത്വം വിശദീകരിച്ചിട്ടും കാനം അതിനെ സംസ്ഥാന കൗൺസിലിന്റെ തീരുമാനമാക്കി മാറ്റി. ലക്ഷ്യം കെ.ഇ.ഇസ്മായിലായിരുന്നുവെന്ന് എതിർപക്ഷം പറഞ്ഞു.  

ജില്ലാ സമ്മേളനങ്ങളിൽ ക്യാംപ് ചെയ്ത് പാർട്ടിയെ നിയന്ത്രണത്തിലാക്കുന്ന സെക്രട്ടറിയെയാണു കഴിഞ്ഞ സമ്മേളനത്തിൽ കണ്ടത്. കേരളത്തിൽ പാർട്ടിയുടെ അവസാന വാക്ക് സെക്രട്ടറിയായിരിക്കണമെന്നു നിർബന്ധമായിരുന്നു. ഇടതുമുന്നണി ഭരിക്കുമ്പോൾ ഡിഐജി ഓഫിസ് മാർച്ച് നടത്തി ലാത്തിയടി വാങ്ങിയ സ്വന്തം എംഎൽഎയെ തള്ളിപ്പറഞ്ഞത്, പാർട്ടി ഘടകത്തിൽ ചർച്ച ചെയ്യാത്ത മാർച്ച് എന്ന പേരിലായിരുന്നു. കേരളത്തിലെ പൊലീസിൽ ആർഎസ്എസുകാരുണ്ടെന്നു പ്രസ്താവന നടത്തിയ ദേശീയ നേതാവ് ആനി രാജയെ തിരുത്താനും കാനത്തിനു കാരണമുണ്ടായിരുന്നു– കേരളത്തിലെ രാഷ്ട്രീയകാര്യം പറയുമ്പോൾ പാർട്ടിയുമായി ആലോചിക്കണം. 

ദേശീയ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ലെങ്കിലും കനയ്യകുമാറിനെ സിപിഐയിൽ ഉറപ്പിച്ചുനിർത്താൻ സ്വന്തം നിലയ്ക്കു പല ശ്രമവും കാനം നടത്തിയിരുന്നു.

1950 നവംബർ 10: കോട്ടയം വാഴൂർ കാനം കൊച്ചുകളപ്പുരയിടത്തിൽ വി.കെ.പരമേശ്വരൻ നായരുടെയും ടി.കെ.ചെല്ലമ്മയുടെയും മൂത്തമകനായി ജനനം.

1969: എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി

1970: സിപിഐ സംസ്ഥാന കൗൺസിൽ അംഗം

1973: എെഎവൈഎഫ് സംസ്ഥാന സെക്രട്ടറി

1982: വാഴൂർ എംഎൽഎ. തോൽപിച്ചത് കേരള കോൺഗ്രസിലെ എം.കെ.ജോസഫിനെ.

1987: വാഴൂരിൽനിന്ന് വീണ്ടും എംഎൽഎ. തോൽപിച്ചത് കേരള കോൺഗ്രസ് (എം) സ്ഥാനാർഥി പി.സി.തോമസിനെ.

1991: വാഴൂരിൽ കെ.നാരായണക്കുറുപ്പിനോടു തോറ്റു.

1996: വാഴൂരിൽ കെ.നാരായണക്കുറുപ്പിനോടു വീണ്ടും തോൽവി.

2006: വാഴൂരിൽ നാരായണക്കുറുപ്പിന്റെ മകൻ എൻ.ജയരാജിനോടു തോറ്റു.

2006: എഐടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറി.

2015: കോട്ടയം സമ്മേളനത്തിൽ ആദ്യമായി സിപിഐ സംസ്ഥാന സെക്രട്ടറി.

2018: മലപ്പുറം സമ്മേളനത്തിൽ വീണ്ടും സംസ്ഥാന സെക്രട്ടറി.

2018: മനോരമ ന്യൂസ് ‘ന്യൂസ്മേക്കർ 2017’ പുരസ്കാരം.

2022: തിരുവനന്തപുരം സമ്മേളനത്തിൽ മൂന്നാമതും സംസ്ഥാന സെക്രട്ടറി.

English Summary:

Organization was brought under complete control of Kanam Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com