വയനാട്ടിൽ നാട്ടിലിറങ്ങി കടുവ യുവാവിനെ കൊന്നു
Mail This Article
ബത്തേരി ∙ വാകേരിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ വയലിൽ പുല്ലരിയാൻ പോയ ക്ഷീരകർഷകനെ കൊന്നു. വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിക്കത്തറപ്പിൽ പ്രജീഷ് (37) ആണു കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു വീടിനടുത്തുള്ള വയലിൽ പുല്ലരിയാൻ പോയത്. വൈകിട്ട് നാലായിട്ടും കാണാതായതോടെ അന്വേഷിച്ചു ചെന്ന സഹോദരൻ മജീഷും അയൽവാസി സുധിയുമാണു വയലിൽ മൃതദേഹം കണ്ടെത്തിയത്.
ഇടതുകാലിന്റെയും മുഖത്തിന്റെയും ഭാഗങ്ങൾ കടിച്ചെടുത്ത നിലയിലായിരുന്നു. അൽപം മാറി കടുവ മുരണ്ടുകൊണ്ടു നിൽക്കുന്നതു കണ്ടതായും മജീഷും സുധിയും പറഞ്ഞു. പിന്നീട് അകലെയുള്ള കാട്ടിലേക്കു കയറിപ്പോയി. പുല്ലു ചെത്തിക്കൊണ്ടുവരാൻ ഓടിച്ചുപോയ ജീപ്പും പറമ്പിൽ അരിഞ്ഞുവച്ച പുല്ലും മൊബൈൽ ഫോണും ചെരിപ്പും തോർത്തുമാണ് പ്രജീഷിനെ തിരഞ്ഞെത്തിയവർ ആദ്യം കണ്ടത്. പിന്നീട് ചോരപ്പാടുകളും ശരീരാവശിഷ്ടങ്ങളും പിന്തുടർന്നെത്തിയപ്പോൾ മൃതദേഹവും കണ്ടു.
കടുവയെ പിടികൂടി വെടിവച്ചു കൊല്ലുകയും അർഹമായ നഷ്ടപരിഹാരം ഉടൻ നൽകുകയും വേണമെന്ന് ആവശ്യപ്പെട്ടു തടിച്ചുകൂടിയ നാട്ടുകാർ വൻ പ്രതിഷേധമുയർത്തി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ കടുവയെ വെടിവച്ചു കൊല്ലാനുള്ള ശുപാർശ നൽകാമെന്നതടക്കമുള്ള ഉറപ്പ് വനംവകുപ്പ് അധികൃതർ നൽകി. രാത്രി എട്ടരയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ് മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. നരഭോജി കടുവയെ കൊല്ലാനുള്ള ഉത്തരവ് ഇറങ്ങിയ ശേഷമേ മൃതദേഹം സംസ്കരിക്കുകയുള്ളൂവെന്നു നാട്ടുകാർ പറഞ്ഞു.