സിപിഎം വിടുകയാണെന്നു മർദനമേറ്റ ബ്രാഞ്ച് കമ്മിറ്റി അംഗം
Mail This Article
കൊച്ചി∙ സിപിഎം വിടുകയാണെന്നും മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും മറൈൻഡ്രൈവിൽ നവകേരള സദസ്സിനിടെ സിപിഎം–ഡിവൈഎഫ്ഐ അണികളുടെ ക്രൂരമർദനം ഏറ്റുവാങ്ങിയ സിപിഎം തമ്മനം ബ്രാഞ്ച് കമ്മിറ്റി അംഗം റെയീസ്. മർദനത്തെത്തുടർന്നുള്ള പരുക്കുകൾക്ക് ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം തമ്മനത്തെ വീട്ടിൽ വിശ്രമത്തിലാണു റെയീസ്.
സംഭവം വാർത്തയായതോടെ സിപിഎം നേതാക്കളുൾപ്പെടെ വീട്ടിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പാർട്ടി വിടുകയാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നു റെയീസ് പറഞ്ഞു. ‘സ്വന്തം പാർട്ടിക്കാരിൽ നിന്നു തന്നെ കൊടിയ മർദനമേൽക്കേണ്ടി വന്നതു വേദനയുണ്ടാക്കി. പാർട്ടിക്കാരനാണെന്നും തല്ലരുതെന്നും പലതവണ പറഞ്ഞെങ്കിലും അടി നിർത്താൻ അവർ തയാറായില്ല’. റെയീസ് പറഞ്ഞു. ഇന്നു വീണ്ടും ആശുപത്രിയിൽ പരിശോധനയ്ക്ക് എത്താനുള്ള നിർദേശം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.
എടത്തലയിലെ ഗോഡൗണിലാണു റെയീസ് ജോലി ചെയ്യുന്നത്. മർദനമേറ്റ റെയീസിനെ ഒപ്പം ജോലി ചെയ്യുന്നവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘കിട്ടാനുള്ളതു കിട്ടി, ഇനി മകനു പാർട്ടിപ്രവർത്തനം വേണ്ട’ എന്ന നിലപാടിലാണു റെയീസിന്റെ പിതാവ് കരീമും. സംഭവിച്ച കാര്യങ്ങളിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും കരീം പറഞ്ഞു.