ഗവർണർക്കെതിരെ പ്രതിഷേധം: ഗുരുതര വകുപ്പ് ചുമത്തിയതിനെതിരെ എസ്എഫ്ഐ
Mail This Article
തിരുവനന്തപുരം∙ ഗവർണർക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ഗുരുതരമായ ഐപിസി 124 വകുപ്പ് ചുമത്തിയത് ശരിയായില്ലെന്ന് എസ്എഫ്ഐ. ജനാധിപത്യപരമായ പ്രതിഷേധമാണു നടന്നതെന്നും ഒരു വിദ്യാർഥി സമരത്തിനും നേരെ ഈ വകുപ്പ് ചുമത്താൻ പാടില്ലെന്നും സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞു.
ഗവർണറുടെ ഓഫിസ് കൊടുത്ത റിപ്പോർട്ട് പ്രകാരമാണ് നടപടി. കോടതി ശരിയായ നിലപാട് സ്വീകരിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്ക് ഗവർണർ ശുപാർശ ചെയ്തവരിൽ സംഘപരിവാറുകാർക്കൊപ്പം 7 യുഡിഎഫ് പ്രതിനിധികളുമുണ്ട്. ഈ പട്ടിക ഗവർണർക്ക് എവിടെ നിന്നു ലഭിച്ചു എന്നതു ദുരൂഹമാണ്. ഇതു സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നു ഗവർണറും ഒഴിഞ്ഞുമാറുകയാണ്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിന്നാണു പട്ടിക കൊടുത്തത് എന്നാണ് അറിവ്. അതിൽ എങ്ങനെ തങ്ങളുടെ പ്രതിനിധികളും ഉൾപ്പെട്ടെന്ന് യുഡിഎഫ് വ്യക്തമാക്കണം. ഇത് യുഡിഎഫിന്റെ അറിവോടെയല്ലെങ്കിൽ സെനറ്റിലേക്കു നാമനിർദേശം ചെയ്യപ്പെട്ടവർ രാജിവയ്ക്കണമെന്നും ആർഷോ ആവശ്യപ്പെട്ടു.