ആക്ഷേപങ്ങളെ ഭയമില്ല: പ്രഫ. കെ.അരവിന്ദാക്ഷൻ
Mail This Article
കൊച്ചി ∙ ചാൻസലർ കൂടിയായ ഗവർണർക്കെതിരെ മഹാരാജാസ് കോളജിനു മുന്നിൽ എസ്എഫ്ഐ ഉയർത്തിയ ബാനറിലെ ഭാഷയെ വിമർശിച്ചതിനെതിരെ, സമൂഹമാധ്യമം വഴി ഉയരുന്ന ആക്ഷേപങ്ങളെ ഒരു തരത്തിലും ഭയക്കുന്നില്ലെന്ന് മുൻ പ്രിൻസിപ്പലും ഇടതു സഹയാത്രികനുമായ പ്രഫ. കെ. അരവിന്ദാക്ഷൻ.
? എസ്എഫ്ഐയുടെ പ്രവർത്തനത്തെയും ബാനറിലെ ഭാഷയെയും വിമർശിച്ചതിനു സൈബർ ഇടത്തിൽ വ്യാപക ആക്ഷേപമുണ്ടല്ലോ
∙ എനിക്ക് ഫെയ്സ്ബുക് അക്കൗണ്ട് ഇല്ല. ഞാൻ അതൊന്നും കണ്ടിട്ടില്ല. ആക്ഷേപങ്ങളെ ഭയക്കുന്നുമില്ല. ചില ആളുകൾ അഭിപ്രായം പറഞ്ഞതായി സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞു. സൈമൺ ബ്രിട്ടോയെക്കുറിച്ചു എന്റെ പുസ്തകത്തിൽ എഴുതിയ കാര്യം ഒരാൾ പരാമർശിച്ചതായി അറിഞ്ഞു. ബ്രിട്ടോയ്ക്കു കുത്തേറ്റത് മഹാരാജാസിൽ വച്ചല്ല, ജനറൽ ആശുപത്രിയിൽ വച്ചാണ് എന്ന തിരുത്തലോടെയാണു പുസ്തകം വിതരണം ചെയ്തത്.
? ഇടതുപക്ഷ അനുഭാവിയെങ്കിലും എസ്എഫ്ഐയെ ശത്രുപക്ഷത്താണു കാണുന്നതെന്നാണ് ആരോപണം
∙ എസ്എഫ്ഐയോടു പ്രത്യേകിച്ചു വിരോധമൊന്നുമില്ല. ഇത്തരം പ്രവർത്തന ശൈലി ആരു സ്വീകരിച്ചാലും വിമർശിക്കും. വാക്കുകൾ അൽപം മയപ്പെട്ടുപോയോ എന്നു പലരും ചോദിച്ചു. കുട്ടികളോടു പറയുമ്പോൾ മയപ്പെടുത്തുന്നതാണ്. അവരെക്കൊണ്ട് അതു ചെയ്യിക്കുന്നവരെ വിമർശിക്കുമ്പോൾ കടുത്തവാക്കുകൾ തന്നെ ഉപയോഗിക്കും.
? പ്രതിഷേധങ്ങൾക്കു കാരണമായ ചാൻസലറുടെ നടപടികളോടു യോജിപ്പുണ്ടോ?
∙ ചാൻസലർ എന്ന നിലയിൽ ഗവർണർ വഴിവിട്ടു ചെയ്തിട്ടുണ്ടെങ്കിൽ പ്രതിഷേധിക്കണം. മഹാരാജാസിനോട് ഗവർണർ ഒന്നും ചെയ്തിട്ടില്ല. പിന്നെന്തിനാണ് ‘തന്ത’ പ്രയോഗം.
? ആരെങ്കിലും പിന്തുണയറിയിച്ചോ
∙ എതിർത്ത് ആരും എന്ന നേരിട്ടു വിളിച്ചിട്ടില്ല. പ്രഫ. എം. ലീലാവതി ഉൾപ്പെടെ ഒട്ടേറെപ്പേർ പിന്തുണച്ചു വിളിച്ചു. അനുകൂലിച്ചാലും പ്രതികൂലിച്ചാലും എനിക്കതൊന്നും പ്രശ്നമല്ല.