ADVERTISEMENT

പാലക്കാട് ∙ കർഷകർക്കു വൈദ്യുതി സൗജന്യം എന്ന വാഗ്ദാനത്തിനു കൃഷിവകുപ്പിന്റെയും വൈദ്യുതി ബോർഡിന്റെയും ഷോക്ക്. വൈദ്യുതി സൗജന്യമായി നൽകിയതിനു കൃഷിവകുപ്പു നൽകേണ്ട 186.53 കേ‍ാടി രൂപ കുടിശികയായതോടെയാണു കെഎസ്ഇബി കർഷകർക്കു നേരിട്ടു നോട്ടിസ് അയച്ചു തുടങ്ങിയത്. തുക അടച്ചില്ലെങ്കിൽ വൈദ്യുതി വിഛേദിക്കും. 

കെഎസ്ഇബിയുടെ കണക്കനുസരിച്ചു സംസ്ഥാനത്ത് 2,58,796 കർഷകർക്കു സൗജന്യമായി വൈദ്യുതി നൽകുന്നുണ്ട്. ഇതിന്റെ പണം കൃഷിവകുപ്പു ബോർഡിനു നൽകണം. അതാണു വലിയ കുടിശികയായത്. കൂടുതൽ ഉപയോക്താക്കളുള്ള പാലക്കാട് ജില്ലയിൽ 50 കേ‍ാടി രൂപയാണു കുടിശിക. പദ്ധതിയിൽ ആദ്യമായാണു കർഷകർക്കു നോട്ടിസ് ലഭിക്കുന്നത്. കർഷകർ കൃഷി‍‍ഭവനുകളെ സമീപിക്കുന്നുണ്ടെങ്കിലും പ്രശ്നം മേലുദ്യോഗസ്ഥരെ അറിയിക്കുകയല്ലാതെ കൃഷി ഉദ്യേ‍ാഗസ്ഥർക്കും ഒന്നും ചെയ്യാനില്ല. കുടിശിക തീർപ്പാക്കാൻ കെഎസ്ഇബി ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ചതിനാൽ വൈദ്യുതി സൗജന്യമല്ലാത്ത സ്ഥിതിയായി. 25,000 രൂപ വരെയാണു പലരുടെയും കുടിശിക. നടപടി ഭയന്നു പണമടച്ച കർഷകരുമുണ്ട്.  

വൈദ്യുതിയുടെ തുക കൃഷിവകുപ്പു കർഷകന്റെ അക്കൗണ്ടിലേക്കു നൽകുകയും അവിടെനിന്ന് ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ കെഎസ്ഇബിയുടെ അക്കൗണ്ടിലേക്കു പോവുകയും ചെയ്യുന്ന സംവിധാനമാണു നിലവിലുള്ളത്. 

വൈദ്യുതിയുടെ പണമടയ്ക്കുന്നതിന് കർഷക ഗ്രൂപ്പുകൾ രൂപീകരിക്കാൻ 2 വർഷം മുൻപ് കൃഷിവകുപ്പു ശ്രമിച്ചെങ്കിലും കർഷകരും ഉദ്യോഗസ്ഥരും എതിർത്തു. ഗ്രൂപ്പുകളുടെ രൂപീകരണം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി പാലക്കാട്ടെ ഒരു വിഭാഗം കർഷകർ ഹൈക്കേ‍ാടതിയെ സമീപിച്ചതിനെത്തുടർന്നു തീരുമാനം ഉപേക്ഷിക്കുകയും നിലവിലെ സംവിധാനം നടപ്പാക്കുകയും ചെയ്തു. ഗ്രൂപ്പ് രൂപീകരണം സംബന്ധിച്ചു തർക്കം നടന്ന ഒന്നര വർഷത്തോളം വൈദ്യുതി നിരക്ക് അടച്ചില്ല. അതാണ് ഇപ്പോഴും കുടിശികയായി തുടരുന്നത്. 

ഇപ്പോൾ ഗഡുക്കളായി ചെറിയ തുകകൾ അനുവദിക്കുന്നുണ്ടെങ്കിലും അതു കുടിശികയുടെ പലിശയ്ക്കു മാത്രമേ തികയുന്നുള്ളൂ. 2022 നവംബറിൽ കുടിശിക വർധിച്ചപ്പോൾ കെഎസ്ഇബി കൃഷിവകുപ്പിനു നേ‍ാട്ടിസ് നൽകിയിരുന്നു. തുടക്കത്തിൽ നെൽക്കർഷകർക്കു മാത്രമായിരുന്ന ആനുകൂല്യം പിന്നീടാണു വ്യാപിപ്പിച്ചത്. അഞ്ചേക്കറിൽ താഴെ കൃഷി ചെയ്യുന്നവർക്കാണു സൗജന്യമായി വൈദ്യുതി നൽകുന്നത്. 
കർഷകരുടെ പ്രശ്നം പരിഹരിക്കും
വൈദ്യുതി വകുപ്പുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അടുത്ത ദിവസം ധനവകുപ്പുമായും ചർച്ച ചെയ്യും. കർഷകരുടെ പ്രശ്നം പൂർണമായി പരിഹരിക്കും. അവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയുണ്ടാകില്ല.-പി.പ്രസാദ്, കൃഷിമന്ത്രി

English Summary:

Free Electricity to farmers becomes a burden as government fails to pay KSEB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com