ഇന്നു തീരുമാനം: ബിനോയ് വിശ്വം തന്നെ
Mail This Article
തിരുവനന്തപുരം ∙ കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബിനോയ് വിശ്വം ഇന്ന് ആ സ്ഥാനത്തേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടും. ഇന്നലെ ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ഇതു സംബന്ധിച്ചു ധാരണയായി. ഇന്ന് സംസ്ഥാന കൗൺസിലിലാണ് അന്തിമ തീരുമാനം. കാനം മരിച്ചതിനു തൊട്ടു പിന്നാലെ തന്നെ ബിനോയിയെ സെക്രട്ടറിയുടെ ചുമതല ഏൽപിച്ചതിനെതിരെ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലും കെ.പ്രകാശ് ബാബുവും അടക്കമുള്ളവർ രംഗത്തെത്തിയെങ്കിലും ഇന്ന് അത്തരം അസ്വാരസ്യം ഒഴിവാക്കാൻ കേന്ദ്ര നേതൃത്വം തന്നെ രംഗത്തുണ്ട്.
നിർവാഹക സമിതിയിൽ ബിനോയ് വിശ്വത്തിന്റെ പേരു മാത്രമാണ് നിർദേശിക്കപ്പെട്ടത്. നിർവാഹക സമിതിയിലെന്ന പോലെ കൗൺസിലിലും ഭൂരിപക്ഷവും ‘കാനം വിഭാഗക്കാർ’ ആയതിനാൽ പിൻഗാമിയായി കാനം തന്നെ നിർദേശിച്ച ബിനോയ് വിശ്വത്തിന് കാര്യമായ എതിർപ്പുണ്ടാകില്ല.
മരിക്കുന്നതിനു മുൻപ് കാനം രാജേന്ദ്രൻ തന്നെ പാർട്ടി കേന്ദ്ര നേതൃത്വത്തിനു നൽകിയ അവധി അപേക്ഷയ്ക്കൊപ്പമാണ് പകരം ചുമതല ബിനോയ് വിശ്വത്തെ ഏൽപിക്കാനും നിർദേശിച്ചിരുന്നത്. കാനത്തിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകും മുൻപേ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ ഉൾപ്പെടെ പങ്കെടുത്ത നിർവാഹക സമിതി യോഗം ചേർന്ന് ആ നിർദേശം നടപ്പാക്കുകയും ചെയ്തു.
മുല്ലക്കര പിന്മാറി;ശശിധരന് ചുമതല
∙ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ഏൽപിച്ച മുല്ലക്കര രത്നാകരൻ ആ ചുമതലയിൽ തുടരാൻ വിമുഖത പ്രകടിപ്പിച്ചതിനെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ സി.കെ.ശശിധരനു പകരം ചുമതല നൽകി.
അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ജില്ലാ സെക്രട്ടറിയായിരുന്ന എ.പി.ജയനെ പുറത്താക്കിയതിനെ തുടർന്നാണ് മുല്ലക്കരയെ ചുമതല ഏൽപിച്ചത്. എന്നാൽ ജില്ലയിലെ പാർട്ടിയിൽ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹം ചുമതല ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ചത്.