ADVERTISEMENT

കൊല്ലം∙ ‘‘ഈ മണ്ണിൽ ചവിട്ടിനിൽക്കാൻ കഴിയുന്നതുതന്നെ ഭാഗ്യമാണ്. ഒരു കാലത്ത് കേരളത്തിലെ ജനങ്ങളെ ത്രില്ലടിപ്പിച്ച അഭിനയപ്രതിഭയല്ലേ..’’ അധ്യാപകനും നാടകപ്രവർത്തകനുമായ ശിവദാസൻ പൊയിൽക്കാവിന്റെ വാക്കുകളിൽ ആവേശം.

എച്ച്എസ് നാടക മത്സരത്തിൽ ‘ഓസ്കർ പുരുഷു’വുമായെത്തി മിന്നുന്ന പ്രകടനം നടത്തിയ കോഴിക്കോട് തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അവരുടെ പരിശീലകരായ അധ്യാപകരും  ജയൻ പിറന്ന കൊല്ലം തേവള്ളി ഓലയിലെത്തി. ജയന്റെ നാടു കാണാനെത്തിയവർ കുട്ടികളുടെ നാടക പരിശീകലകർ മാത്രമല്ല, മലയാളസിനിമയിലെ മികച്ച തിരക്കഥാകൃത്തുക്കളും സാങ്കേതിക പ്രവർത്തകരുമാണ്. ഓലയിൽ ജയന്റെ വീടുനിന്ന സ്ഥലം കണ്ടശേഷം തൊട്ടടുത്ത് ജയന്റെ പൂർണകായ പ്രതിമ കണ്ടതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.

മമ്മൂട്ടി അഭിനയിച്ച ‘പുഴു’ എന്ന സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന നാടകം സിനിമയ്ക്കായി സംവിധാനം ചെയ്ത ശിവദാസ് പൊയിൽക്കാവാണ് ഓസ്കർ പുരുഷുവിന്റെ രചന നിർവഹിച്ച് സംവിധാനം ചെയ്തത്.  

സിനിമയിലെ പാട്ടെഴുതിയതും ശിവദാസാണ്. ബാലസാഹിത്യത്തിന് സംസ്ഥാന സർക്കാരിന്റെ ജോസഫ് മുണ്ടശ്ശേരി അവാർഡ് ജേതാവാണ് ശിവദാസ്.  തിരക്കഥാകൃത്തുമാണ്. ഓസ്കർ പുരുഷു നാടകത്തിൽ പ്രധാന കഥാപാത്രമായ പുരുഷുപ്പൂച്ചയെ അവതരിപ്പിച്ചത് സംവിധായകന്റെ മകൾ ദലയാണ്.

പുഴുവിലെ നാടകത്തിനു രംഗകല നിർവഹിച്ച നിധീഷ് പൂക്കാടും ഹാറുൺ അൽ ഉസ്മാനുമാണ് ‘ഓസ്കർ പുരുഷു’വിന്റെ കലാസംവിധാനവും ചെയ്തത്. ആസിഫ് അലി നായകനായ ‘കക്ഷി അമ്മിണിപ്പിള്ള’ യുടെ തിരക്കഥാകൃത്ത് സനിലേഷ് ശിവൻ ആണ് ഓസ്കർ പുരുഷു നാടകത്തിന്റെ സഹസംവിധായകൻ. നാടകത്തിന്റെ സർഗാത്മക സഹായം നൽകി അനീഷ് അഞ്ജലിയാണ് കഴിഞ്ഞ വർഷത്തെ ഹിറ്റ് സിനിമ ‘പാൽതൂജാൻവറി’ന്റെ തിരക്കഥാകൃത്ത്. ശിവദാസ് പൊയിൽക്കാവ്,ഹാറൂൺ അൽ ഉസ്മാൻ ,അനീഷ് അഞ്ജലി എന്നിവർ തിരുവങ്ങൂർ സ്കൂളിലെ അധ്യാപകരാണ്. 

കവി വീരാൻകുട്ടിക്ക് സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത ‘മണികെട്ടിയതിനു ശേഷം പൂച്ചകളുടെയും എലികളുടെയും ജീവിതം’ എന്ന കവിതയുടെ നാടകാവിഷ്കാരമാണ് തിരുവങ്ങൂർ സ്കൂളിലെ കുട്ടികൾ ഓസ്കാർ പുരുഷു എന്ന പേരിൽ അവതരിപ്പിച്ചത്. 

തന്റെ കവിത നാടകമാക്കിയതു കാണാൻ ഇന്നലെ രാവിലെത്തന്നെ കവി വീരാൻകുട്ടി കൊല്ലത്തെ വേദിയിൽ എത്തിയിരുന്നു.ജയന്റെ നാട്ടിലേക്കുള്ള നാടകസംഘത്തിന്റെ വരവിനു പിന്നിൽ മറ്റൊരു സന്തോഷവുമുണ്ട്. ‘ഓസ്കാർ പുരുഷു’ സിനിമയാവുകയാണ്. സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിച്ച ‘ഓസ്കാർ പുരുഷു’ വിനുവേണ്ടി കുട്ടികൾ പങ്കെടുത്ത നാടക റിഹേഴ്സൽ ക്യാംപ് പരിസരമാക്കിയ കുട്ടികളുടെ സിനിമ ഏപ്രിലിൽ  ഷൂട്ടിംഗ് തുടങ്ങുകയാണ്. സനിലേഷ് ശിവനാണ് തിരക്കഥയും സംവിധാനവും ഒരുക്കുന്നത്. 

ആർ.എസ്.ദലയ്ക്കുപുറമെ കീർത്തന.എസ്.ലാൽ, ടി.വി.ആയിഷ ഹെബാൻ, ലക്ഷ്മി പ്രിയ, കെ. ശ്രീപാർവതി, ലിയാന ബീവി, ശിവാനി ശിവപ്രകാശ്, ദൃഷാ സായി, വി.  വിശാൽ, അർജുൻ ബാബു തുടങ്ങിയവരാണ് നാടകത്തിലെത്തിയത്. നിവേദ്യ സുരേഷ്, എസ്.ബി.ഋതുനന്ദ, എ.എം. വൈഗ സിദ്ധാർത്ഥ് എന്നീ കുട്ടികളാണ് പാട്ടുകൾ ഒരുക്കിയത്.

English Summary:

Kerala School Kalolsavam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com