ADVERTISEMENT

കോഴിക്കോട് ∙ ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്ന് എം.ടി.വാസുദേവൻ നായർ പറഞ്ഞു. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി–കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെഎൽഎഫ്) മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം തുറന്നടിച്ചു.

നയിക്കാൻ ഏതാനുംപേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചെന്നും നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നും ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി പറഞ്ഞു.

‘ചരിത്രപരമായ ഒരാവശ്യത്തെക്കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു’ എന്ന വാക്കുകളോടെയാണ് പ്രസംഗം ആരംഭിച്ചത്. ‘രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ടു വളരെക്കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്ക്, പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കൻമറുപടി കൊണ്ടു തൃപ്തിപ്പെടേണ്ടിവരുന്നു. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്.’

തെറ്റുപറ്റിയെന്നു തോന്നിയാൽ അതു സമ്മതിക്കുന്ന പതിവ് നമ്മുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ജീവിത മണ്ഡലങ്ങളിലെ മഹാരഥർക്കില്ലെന്നും ഇഎംഎസ് അങ്ങനെയായിരുന്നില്ലെന്നും എംടി പറഞ്ഞു. ചില അവസ്ഥകളിൽ ചില നിമിത്തങ്ങളായി ചിലർ നേതൃത്വത്തിലെത്തുന്നു. അതേസമയം, നിമിത്തമല്ലാതെ ചരിത്രപരമായ ആവശ്യകതയായി മാറിയ നേതാവായിരുന്നു ഇഎംഎസ് എന്നും അദ്ദേഹം വിലയിരുത്തി.

പറഞ്ഞത് കേന്ദ്രത്തിനെതിരെ: ഇ.പി.ജയരാജൻ

കോഴിക്കോട് ∙ എംടിയുടെ വിമർശനം കേന്ദ്രസർക്കാരിനെതിരെയാണെന്നും ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവർ അതു ദുർവ്യാഖ്യാനം ചെയ്തതായും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ‘‘പിണറായി വിജയനോടു ജനങ്ങൾക്കുള്ളതു വീരാരാധനയാണ്. എനിക്കും പലർക്കും പിണറായി മഹാനാണ്.’’

English Summary:

'Power becomes totalitarian': MT Vasudevan Nair statement while Pinarayi Vijayan on stage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com