കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ജംബോ സമിതിയെന്നു വിമർശനം
Mail This Article
തിരുവനന്തപുരം∙ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചപ്പോൾ ജംബോ കമ്മിറ്റി തിരിച്ചുകൊണ്ടുവന്നുവെന്നു വിമർശനം. ഒഴിവുകൾ നികത്താനും രണ്ടോ, മൂന്നോ പേരെ പുതിയതായി ഉൾപ്പെടുത്താനും എന്നു പറഞ്ഞു നടത്തിയ പുനഃസംഘടനയിൽ രാഷ്ട്രീയത്തിൽ സജീവമല്ലാത്തവരെപ്പോലും ഉൾപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. 21 അംഗ രാഷ്ട്രീയകാര്യസമിതി പുനഃസംഘടിപ്പിച്ചപ്പോൾ 36 പേരായി. പ്രസിഡന്റ് ഉൾപ്പെടെ കെപിസിസി ഭാരവാഹികളുടെ എണ്ണം 31 മാത്രമായിരിക്കെയാണ്, പാർട്ടിയുടെ കോർ ടീം ആയ രാഷ്ട്രീയകാര്യ സമിതിയിൽ അതിലേറെ അംഗങ്ങൾ.
വി.എം.സുധീരൻ കെപിസിസി പ്രസിഡന്റായിരിക്കെ രൂപീകരിച്ച സമിതിയിൽ 21 അംഗങ്ങളാണുണ്ടായിരുന്നത്. ഉമ്മൻചാണ്ടി, എം.ഐ.ഷാനവാസ്, പി.ടി. തോമസ് എന്നിവർ അന്തരിച്ചപ്പോഴും കെ.വി.തോമസ്, പി.സി.ചാക്കോ എന്നിവർ പാർട്ടി വിട്ടപ്പോഴും ഒഴിവുകൾ വന്നു. വർക്കിങ് പ്രസിഡന്റായതിനെത്തുടർന്നു ടി.സിദ്ദീഖിനെ ഉൾപ്പെടുത്തി. പുതിയ നേതൃത്വം വന്നശേഷം വി.എം.സുധീരൻ രാജിവച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഒഴിവുകൾ നികത്തിക്കൊണ്ടും ഏതാനും നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടും പുനഃസംഘടിപ്പിക്കുന്നുവെന്നാണു കെപിസിസി നേതൃത്വം അറിയിച്ചിരുന്നത്. ആകെ എണ്ണം 25 എന്ന കണക്കുകൂട്ടലിൽ ഗ്രൂപ്പുകളും മുതിർന്ന നേതാക്കളും പേരുകൾ നൽകി. പക്ഷേ കെപിസിസി അയച്ചത് 32 പേരുടെ പട്ടികയാണ്. എഐസിസി അംഗീകരിച്ചു തിരിച്ചയച്ചപ്പോൾ 36 പേരായി.
എംപിമാരിൽ രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ് എന്നിവരെ ഒഴിവാക്കി. ഒരു മാസം മുൻപു സ്ഥാനമൊഴിഞ്ഞ ഷാഫി പറമ്പിൽ ഉൾപ്പെടെ യൂത്ത് കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരെയെല്ലാം ഉൾപ്പെടുത്തിയപ്പോഴും ഡീനിന് ആ പരിഗണനയും കിട്ടിയില്ല. നിയമസഭാ കക്ഷി സെക്രട്ടറി എ.പി.അനിൽകുമാറിനെയും ചീഫ് വിപ് സണ്ണി ജോസഫിനെയും ഉൾപ്പെടുത്തി. ഉപനേതാവ് കെ.ബാബുവിനെ പരിഗണിച്ചില്ല. അമർഷമുണ്ടെങ്കിലും എ ഗ്രൂപ്പ് വഴക്കിനില്ല.
രമേശ് ചെന്നിത്തല വിഭാഗത്തിൽ നിന്നു രണ്ടു പേരെയാണു നിർദേശിച്ചിരുന്നത്. രണ്ടുപേരെയും ഉൾപ്പെടുത്തി. നേതൃത്വത്തിൽ മുൻനിരയിലില്ലാത്ത കുറെപ്പേർ പ്രധാന സമിതിയിൽ അംഗങ്ങളായതിൽ ചിലർക്കു വിയോജിപ്പുണ്ട്. കേരളത്തിലെ രാഷ്ട്രീയകാര്യ സമിതിയെ മറ്റു സംസ്ഥാന ഘടകങ്ങൾ മാതൃകയാക്കണമെന്ന് ഉദയ്പുർ ചിന്തൻ ശിബിരത്തിൽ എഐസിസി നിർദേശിച്ചിരുന്നു. പക്ഷേ മാസത്തിലൊരിക്കൽ ചേരേണ്ട സമിതി ഒടുവിൽ ചേർന്നതു മൂന്നുമാസം മുൻപാണ്.