ADVERTISEMENT

കോഴിക്കോട് ∙ കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ (കെഎൽഎഫ്) മുഖ്യാതിഥിയായി പങ്കെടുത്ത എം.ടി.വാസുദേവൻ നായരുടെ വിവാദ പ്രസംഗത്തിനു പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണം നടത്തി. പ്രസംഗത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായാണു സൂചന.  

എംടിയുടെ പ്രസംഗം കഴിഞ്ഞയുടനെതന്നെ സംഭവം വിവാദമാകുമെന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു. പ്രസംഗം മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ചിന് ആഭ്യന്തര വകുപ്പിലെ ഉന്നതൻ നിർദേശം നൽകിയത്.  

ബാഹ്യ ഇടപെടൽ ഇല്ലെന്നും, മാത്രമല്ല പഴയ ലേഖനം എംടി ആവർത്തിക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ട് ചെയ്ത രഹസ്യാന്വേഷണ സംഘം അതു സാധൂകരിക്കാൻ  ലേഖനം പ്രസിദ്ധീകരിച്ച പഴയ പുസ്തകവും സംഘടിപ്പിച്ചു. റിപ്പോർട്ട് എഡിജിപി തലത്തിൽ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ജനുവരി 11ന് ലിറ്റററി ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെയും അധികാരത്തിലെ വഴിതെറ്റലിനെയും കുറിച്ച് എംടി പ്രസംഗിച്ചത്.

എഴുതിത്തയാറാക്കിയ പ്രസംഗം സർക്കാരിനെതിരായി സംഘാടകരിൽ ആരെങ്കിലും തയാറാക്കിയതാണോ എന്നുകൂടി ചില കേന്ദ്രങ്ങളിൽ നിന്നു സംശയം ഉയർന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം.

English Summary:

Secret enquiry into MT Vasudevan Nair Controversial speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com