പുതുതലമുറ കേരളം വിടുന്നത് സംസ്ഥാനത്തിന്റെ പ്രശ്നമല്ല, കാലത്തിന്റെ മാറ്റമെന്നു മുഖ്യമന്ത്രി; ഭിന്നാഭിപ്രായവുമായി ആർച്ച് ബിഷപ്
Mail This Article
തിരുവനന്തപുരം∙ ഉന്നത വിദ്യാഭ്യാസത്തിനായി യുവജനങ്ങൾ കേരളം വിടുന്നതിൽ വ്യത്യസ്ത പ്രതികരണങ്ങളുമായി ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയിൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിഷയത്തിൽ പ്രതികരിച്ചു. രക്ഷപ്പെടാൻ സംസ്ഥാനം വിടണമെന്ന തോന്നൽ യുവജനങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടെന്ന മാർ പെരുന്തോട്ടത്തിന്റെ പ്രസ്താവനയോട് പുതുതലമുറ കേരളം വിടുന്നത് സംസ്ഥാനത്തിന്റെ പ്രശ്നമല്ലെന്നും കാലത്തിന്റെ മാറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിറോ മലബാർ സഭ ഏറ്റവും വലിയ പ്രശ്നങ്ങൾ അഭിമുഖീകരിച്ചപ്പോൾ സർക്കാർ ഇടപെട്ടത് നിഷ്പക്ഷവും കാര്യക്ഷമവുമായാണെന്നും അല്ലെങ്കിൽ എന്താണു സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാർ ജോസഫ് പെരുന്തോട്ടം പങ്കുവച്ചത് അദ്ദേഹത്തിന്റെ ആശങ്കയാണെന്നും അത് ലാഘവത്തോടെ കാണേണ്ടതല്ല എന്നും വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി വേദി വിട്ടതിനു ശേഷമായിരുന്നു സതീശന്റെ പ്രതികരണം. സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിലാണ് വിദേശ പഠനം വിഷയമായത്.
സിറോ മലബാർ സഭ കേരളത്തിൽ കുറയുന്ന സമൂഹമായി മാറുന്നെന്നും സംസ്ഥാനത്ത് യുവജനങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് അധ്യക്ഷ പ്രസംഗത്തിൽ മാർ പെരുന്തോട്ടം ആവശ്യപ്പെട്ടത്. പഴയ കാലമല്ലെന്നും കുട്ടികൾ പഠിക്കുന്നതിനൊപ്പം മറ്റു രാജ്യങ്ങളിലേക്കു പോകണമെന്ന് ആവശ്യപ്പെടുകയാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖല ശാക്തീകരിക്കും. ഒറ്റ ദിവസം കൊണ്ട് ഇതൊന്നും മാറില്ല. വിദ്യാർഥികൾ ഇവിടെ തന്നെ നിൽക്കും. മറ്റു രാജ്യങ്ങളിലെ യുവാക്കൾക്ക് ഇവിടെ വന്നു പഠിക്കാനുള്ള സാഹചര്യവും ഒരുക്കും. സർക്കാർ ആ ലക്ഷ്യത്തിലേക്കു നീങ്ങുകയാണ്. കോവിഡ് കാലത്ത് മറ്റു രാജ്യങ്ങളിലുള്ളവർ പോലും കേരളത്തിലേക്ക് എത്തിയിരുന്നെങ്കിൽ എന്നാണു ചിന്തിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയോട് വേദിയിൽ വച്ച് ആശങ്ക പറഞ്ഞതിന് ബിഷപ്പിനെ അഭിനന്ദിച്ച വി.ഡി.സതീശൻ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല ഇപ്പോഴും വർഷങ്ങൾക്കു മുൻപുള്ള സ്ഥിതിയിലാണെന്നു പറഞ്ഞു. 30,000 കോവിഡ് മരണങ്ങൾ മറച്ചു വച്ചാണ് കോവിഡ് കാലത്തെ നേട്ടങ്ങൾ അവതരിപ്പിക്കുന്നത്. ആശങ്കകൾ പങ്കുവയ്ക്കുമ്പോൾ പഴയ പ്രതാപം പറഞ്ഞു നിൽക്കാതെ മാറാൻ ശ്രമിക്കണമെന്നും സതീശൻ പറഞ്ഞു.
അനുഭവസമ്പത്ത് മാർ തട്ടിലിന്റെ കരുത്ത്: മുഖ്യമന്ത്രി
തിരുവനന്തപുരം ∙ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റ മാർ റാഫേൽ തട്ടിലിന് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈകിട്ട് പട്ടം ലൂർദ് ഫൊറോന പള്ളിയിലെത്തിയ അദ്ദേഹത്തെ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ, ലൂർദ് ഫൊറോന വികാരി ഫാ. മോർലി കൈതപ്പറമ്പിൽ എന്നിവർ സ്വീകരിച്ചു. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
വലിയ തോതിലുള്ള ഉത്തരവാദിത്തം മുൻപും ഏറ്റെടുത്തിട്ടുള്ള വ്യക്തിയാണ് മാർ തട്ടിലെന്നും ഈ അനുഭവസമ്പത്ത്, ഏറ്റെടുത്ത ദൗത്യത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.