സിഡിറ്റിൽ നിന്നു വിരമിച്ചു; കെഡിസ്ക്കിലെ തുടർനിയമനത്തിൽ ശമ്പളം 2 ലക്ഷം രൂപ
Mail This Article
തിരുവനന്തപുരം∙ സർക്കാർ സ്ഥാപനമായ സിഡിറ്റിൽ നിന്നു ജോയിന്റ് ഡയറക്ടറായി വിരമിച്ച പി.വി.ഉണ്ണിക്കൃഷ്ണന് കെഡിസ്ക്കിലെ തുടർ നിയമനത്തിൽ 2 ലക്ഷം രൂപ ശമ്പളം നിശ്ചയിച്ചു നൽകി സർക്കാർ. 2021 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം നിശ്ചയിച്ചു നൽകിയതോടെ 65 ലക്ഷത്തോളം രൂപ ഒറ്റയടിക്ക് ഉണ്ണിക്കൃഷ്ണനു ലഭിക്കും.
2019 ഡിസംബറിൽ സിഡിറ്റിൽ നിന്നു വിരമിച്ച ഇദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. കെഡിസ്ക്കിന്റെ സ്ട്രാറ്റജിക് അഡ്വൈസറായാണ് സർക്കാർ ആദ്യം നിയമിച്ചത്. 8500 രൂപ ദിവസ വേതനത്തിലായിരുന്നു നിയമനം. ഒരു മാസം 24 ദിവസം വരെ ശമ്പളം ലഭിക്കും.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഉണ്ണിക്കൃഷ്ണനെ കെഡിസ്‌ക്കിന്റെ മെംബർ സെക്രട്ടറിയായി ഉയർത്തി. എന്നാൽ, ശമ്പളവും ആനുകൂല്യവും നിശ്ചയിച്ചിരുന്നില്ല. ഇപ്പോൾ, സെക്രട്ടറി റാങ്കിൽ 2.04 ലക്ഷം രൂപ പ്രതിമാസ ശമ്പളം നൽകാൻ സർക്കാർ ഉത്തരവിട്ടു. ശമ്പളത്തോടൊപ്പം സിഡിറ്റിൽ നിന്നു വിരമിച്ചതിന്റെ പെൻഷനും ലഭിക്കും. വാഹനം, പഴ്‌സനൽ സ്റ്റാഫ് തുടങ്ങി മറ്റ് ആനുകൂല്യങ്ങളുമുണ്ട്.