ക്രിക്കറ്റ് മത്സരത്തലേന്ന്, വിഷുപ്പടക്കങ്ങൾക്കിടെ വെടി പൊട്ടി; പൊലീസിനെ ചുറ്റിച്ച ‘എ പെർഫെക്റ്റ് ക്രൈം’
Mail This Article
കൊച്ചി∙ അബ്കാരി മിഥില മോഹനെ വെടിവയ്ക്കാൻ കൊലപ്പണം കൊടുത്ത സന്തോഷ്കുമാറിന് അറിയില്ല, ആരാണാ വെടിയുതിർത്തതെന്ന്. എറണാകുളം വെണ്ണലയിലെ വീട്ടിലെത്തി വെടിയുതിർത്ത രണ്ട് ‘അജ്ഞാതർക്കും’ അറിയില്ലായിരുന്നു ആർക്കുവേണ്ടിയാണു കൊല നടത്തുന്നതെന്ന്.
എല്ലാം അറിയാവുന്ന ഒരാളുണ്ടായിരുന്നു; മിഥില മോഹനെ കൊല്ലാനുള്ള ക്വട്ടേഷനെടുത്ത തമിഴ്നാട്ടിലെ ഗുണ്ട–ഡിണ്ടിഗൽ പാണ്ടി. ഇയാളെ തമിഴ്നാട് പൊലീസ് വെടിവച്ചുകൊന്നു. അതോടെ എല്ലാ വഴികളും അടഞ്ഞെന്നാണു കേരള പൊലീസും സിബിഐയും ആവർത്തിക്കുന്നത്. തത്വത്തിൽ കേസന്വേഷണം ഇപ്പോഴും തുടരുന്നതിനാൽ അറസ്റ്റിലായ പ്രതിയുടെ വിചാരണ പോലും തുടങ്ങിയിട്ടില്ല.
മിഥില മോഹൻ കൊല്ലപ്പെട്ടത് 2006 ഏപ്രിൽ 5 നു രാത്രി 9 മണിയോടെ. ഡിണ്ടിഗൽ പാണ്ടി കൊല്ലപ്പെട്ടതു 2010 പകുതിയോടെ. ഇതിനിടയിലുള്ള 4 വർഷം അന്വേഷണ സംഘം എന്തുചെയ്യുകയായിരുന്നു? ഉത്തരമില്ല.
മിഥില മോഹന്റെ 3 മുൻജീവനക്കാർ, കൊലയാളികളെ കണ്ടാൽ തിരിച്ചറിയാൻ സാധ്യതയുണ്ടായിരുന്ന അയൽവാസിയായ യുവാവ്, പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ–ഇങ്ങനെ 5 പേർ കേസന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ദുരൂഹസാഹചര്യങ്ങളിൽ മരിച്ചു. ഇതിനിടയിലാണു കേസിലെ ഏക അറസ്റ്റ് ക്രൈംബ്രാഞ്ച് നടത്തിയത്.
അബ്കാരി കുടിപ്പക തീർക്കാൻ മിഥില മോഹന്റെ മുൻ സഹായിയും പിന്നീട് എതിരാളിയുമായ തൃശൂർ പാട്ടുരായ്ക്കൽ മാമ്പുള്ളി സന്തോഷ്കുമാർ എന്ന കുരുമുളകു കണ്ണനാണു കൊലയ്ക്കു ക്വട്ടേഷൻ കൊടുത്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2013 ഏപ്രിലിൽ സന്തോഷ്കുമാറിനെ അറസ്റ്റ് ചെയ്തു. കൊലനടന്ന് 5–ാം ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തു വിട്ടയച്ചയാളാണു സന്തോഷ്. സന്തോഷിന്റെ സ്പിരിറ്റ് വണ്ടികൾ മിഥില മോഹൻ തുടർച്ചതായി ഒറ്റിയതാണു വൈരാഗ്യത്തിനു കാരണമെന്നു പറയുന്നു.
‘മതിവണ്ണൻ’ എന്ന ഒരാളാണു വെടിവച്ചതെന്ന് ‘എപ്പോഴോ ആരോ’ പറഞ്ഞതായാണു സന്തോഷിന്റെ മൊഴി.
കൊച്ചിയിലെ ഗുണ്ടാത്തലവൻ ആനക്കാട്ടിൽ അനീഷ് ആന്റണി (മരട് അനീഷ്) മുഖ്യപ്രതിയായ ഇംതിയാസ് ഖാൻ വധക്കേസിന്റെ അന്വേഷണത്തിനിടയിലാണു മിഥില മോഹന്റെ കൊലയാളിയിലേക്കു കേരള പൊലീസിനൊരു ലീഡ് കിട്ടിയത്. അനീഷിന്റെ സംഘത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരായ ഗുണ്ടകളെ ചോദ്യം ചെയ്തപ്പോൾ ‘ഷാർപ് ഷൂട്ടറായി’ അറിയപ്പെടുന്ന ഒരു മതിവണ്ണന്റെ വിവരം ലഭിച്ചു, ഒരു വിലാസവും: മതിവണ്ണൻ, കോടിയക്കരൈ, കലംകരവിളക്ക്.
കേരള പൊലീസ് അവിടെയെത്തി. തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ സഹായവും അവർക്കു ലഭിച്ചു. ‘കലംകരവിളക്കെ’ന്നാൽ ലൈറ്റ് ഹൗസ്. നാഗപട്ടണം വേദാരണ്യം കോടിയക്കര ലൈറ്റ്ഹൗസിനു സമീപം അന്വേഷണം കേന്ദ്രീകരിച്ചു.
ക്യൂബ്രാഞ്ച് പറഞ്ഞു– ‘ഈ സ്ഥലത്തിനൊരു പ്രത്യേകതയുണ്ട്. തമിഴ്പുലികളുടെ (എൽടിടിഇ) ഒളിത്താവളമാണത്. വേലുപ്പിള്ള പ്രഭാകരന്റെ മരണശേഷം കടൽ കടന്നെത്തിയ തമിഴ്പുലികളുടെ സാന്നിധ്യം ഇവിടെയുണ്ട്. ‘സിലോൺ മോഹൻ’ എന്ന ക്രൈം ഏജന്റ് വഴി ഡിണ്ടിഗൽ പാണ്ടി ഇവരിൽ ചിലരെ ക്വട്ടേഷൻ കുറ്റകൃത്യങ്ങൾക്കു വിടാറുണ്ട്. പ്രത്യേകിച്ചു വെടിവയ്പ് ആവശ്യം വരുമ്പോൾ’.
അവരുടെ കൂട്ടത്തിലെ മതിവണ്ണനും ഉപ്പാളിയും കേരളത്തിൽ കൊല നടത്തിയിട്ടുണ്ട്. ഡിണ്ടിഗൽ പാണ്ടി കൊല്ലപ്പെട്ടതോടെ രണ്ടുപേരും ശ്രീലങ്കയിലേക്കു മടങ്ങി.
ഈ നിഗമനങ്ങളോടെ ‘മിഥില മോഹൻ കൊലക്കേസിന്റെ’ കഥ ഏതാണ്ടുകഴിഞ്ഞു. കൊലനടന്നു 12 വർഷത്തിനു ശേഷം 2018 ജനുവരി 11നു ഹൈക്കോടതി കേസന്വേഷണം സിബിഐക്കു കൈമാറി. എന്നിട്ടും ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. കേസ് ഇപ്പോഴും സി ബിഐ ‘അന്വേഷിക്കുന്നതിനാൽ’ കോടതി നടപടികളിലേക്കും കടന്നിട്ടില്ല. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സന്തോഷ് ജാമ്യം നേടി പുറത്തുവന്നു സാധാരണ ജീവിതം നയിക്കുന്നു.
അന്നും ഇന്നും കേസിനെ കുറിച്ചു ചോദിക്കുമ്പോൾ കൊലയാളികൾ കുറ്റകൃത്യം നടത്തിയ രീതിയെ കുറിച്ചു ഉദ്യോഗസ്ഥർക്കു നൂറു നാവ്. വിഷു ആഘോഷങ്ങൾക്കിടയിലായിരുന്നു കൊല. മിഥില മോഹന്റെ വീടിനു ചുറ്റും പടക്കം പൊട്ടിയിരുന്നതിനാൽ വെടിശബ്ദം ആരും കേട്ടില്ല.
കലൂർ സ്റ്റേഡിയത്തിൽ പിറ്റേന്നു നടന്ന ഇന്ത്യ–ഇംഗ്ലണ്ട് ക്രിക്കറ്റ് ഏകദിന മത്സരത്തിനു സുരക്ഷാ ഭീഷണിയുണ്ടായിരുന്നതിനാൽ കൊച്ചി സിറ്റിയിലെ മുഴുവൻ പൊലീസ് സേനയെയും സ്റ്റേഡിയവും പരിസരവും നിരീക്ഷിക്കാൻ നിയോഗിച്ചു. വെണ്ണലയിലെ വീട്ടിൽ വെടിവയ്പ് നടന്ന വിവരം ലഭിക്കാനും പൊലീസെത്തി മിഥില മോഹനെ ആശുപത്രിയിലെത്തിക്കാനും വൈകി. ക്രിക്കറ്റ് കളികാണാൻ തലേന്നു രാത്രിയിൽ തന്നെ കൊച്ചിയിലെത്തിയ 25,000ൽ അധികം ഇതരസംസ്ഥാനക്കാരുടെ ഇടയിൽ കൊലയാളികൾ പതുങ്ങി. ‘എ പെർഫെക്റ്റ് ക്രൈം’ എന്നു സിബിഐയും ആവർത്തിക്കുകയാണ്.
എല്ലാവരും ഈ കേസ് പലപ്പോഴായി വിട്ടതാണ്. അന്വേഷണം സന്തോഷ്‌കുമാറിൽ എത്തിച്ച ക്രൈംബ്രാഞ്ച് എസ്പി കെ.ജി.സൈമൺ, സിബിഐയുടെ 3 ഉദ്യോഗസ്ഥർ, നാട്ടുകാർ, മാധ്യമങ്ങൾ.. എന്നാൽ രണ്ടു പേർ നിയമപോരാട്ടം തുടരുന്നു... മിഥില മോഹന്റെ ഭാര്യ ഡാലിയ, മകൻ മനേഷ്.