ജലവകുപ്പിൽ ചട്ടം ലംഘിച്ച് 400 പേർക്ക് പുനർനിയമനം
Mail This Article
കൊച്ചി ∙ ജലവകുപ്പിൽനിന്നു വിരമിച്ച നാനൂറോളം എസ്എൽആർ (സീസണൽ ലേബർ റോൾ) ജീവനക്കാർക്കു ചട്ടം ലംഘിച്ചു പുനർനിയമനം നൽകാൻ തീരുമാനം. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന സർക്കാർ ഉത്തരവു മറികടന്നാണു നിയമനനീക്കം.
58 വയസ്സിൽ വിരമിച്ച എസ്എൽആർ ജീവനക്കാരെ സീസൺ സമയത്തു ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനാണു പ്രിൻസിപ്പൽ സെക്രട്ടറി ജനുവരി 8ന് അനുമതി നൽകിയത്. വിരമിച്ച ജീവനക്കാർക്കു പെൻഷന് അർഹതയില്ലാത്തതിനാൽ മാനുഷികപരിഗണന നൽകി പുനർനിയമനം നടത്താനായിരുന്നു നിർദേശം. ചീഫ് എൻജിനീയർ (ഐആൻഡ്എ) എല്ലാ എക്സിക്യൂട്ടീവ് എൻജിനീയർമാരോടും പുനർനിയമനം നടത്താൻ ആവശ്യപ്പെട്ട് ഉത്തരവും നൽകി. വിവിധ ജലസേചന പദ്ധതികളിലെ സിവിൽ, ഇലക്ട്രിക്കൽ സെക്‌ഷനുകളിൽ കനാൽ വാച്ചർ, പമ്പ് ഓപ്പറേറ്റർ, ഡാം ഓപ്പറേറ്റർ തസ്തികകളിലാണു നിയമിക്കുക.
നാനൂറോളം പേർക്കു നിയമനം നൽകുന്നതിൽ അഴിമതിയുണ്ടെന്നും വകുപ്പുമന്ത്രിയുടെ പാർട്ടിയിലെ ജില്ലാ നേതാവാണു പുനർനിയമനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതെന്നും ആരോപണമുണ്ട്. പണപ്പിരിവു നടക്കുന്നെന്ന പരാതി വിജിലൻസിനും ലഭിച്ചിട്ടുണ്ട്.