ADVERTISEMENT

തിരുവനന്തപുരം ∙ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു വിദേശ സർവകലാശാലകളെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നു ശപഥം ചെയ്തതിന്റെ 13–ാം വാർഷികത്തിൽ അതേ സർവകലാശാലകൾക്കു സ്വാഗതവുമായി പിണറായി സർക്കാർ. പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണു വിദേശ സർവകലാശാലയ്ക്കെതിരായ നയം സ്വീകരിച്ചത്. പിണറായി മുഖ്യമന്ത്രിയായിരിക്കെ തന്നെ നയം ഉപേക്ഷിക്കുകയും ചെയ്തു.

വിദേശ സർവകലാശാലകൾക്ക് അനുമതി കൊടുക്കാൻ കഴിഞ്ഞ വർഷം യുജിസി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചപ്പോൾ സിപിഎം പൊളിറ്റ്ബ്യൂറോ അതിനെ ശക്തിയായി എതിർത്തിരുന്നു. വിദേശ സർവകലാശാലകൾ രാജ്യത്തിന്റെ മൊത്തത്തിലുള്ള വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുമെന്നാണ് 2023 ജനുവരി 7നു പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടത്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായി മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുമെന്ന പ്രഖ്യാപനവുമുണ്ടായി.

നിലപാടു തിരുത്തിയതായി ആരും ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളിൽ ചിലതിന് ഇടതു സമീപനം ഇല്ലാത്തതിനാൽ അവരുടെ മന്ത്രിമാർ ബജറ്റിലേക്കും മറ്റും നൽകുന്ന നിർദേശങ്ങൾ സിപിഎം ഇഴകീറി പരിശോധിക്കും. ആ പാർട്ടിയാണു സ്വന്തം നയം എവിടെ, എന്തിന് ഉപേക്ഷിച്ചുവെന്നു വിശദീകരിക്കാതെ പുതിയ നയം സ്വീകരിച്ചത്.

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തു വിദേശ സർവകലാശാലകൾക്ക് അനുമതി നൽകണമെന്ന അഭിപ്രായം ഉയർന്നപ്പോൾ സിപിഎം അതിനെ വലിയൊരു രാഷ്ട്രീയ വിഷയമാക്കി. അന്നു കേരളത്തിൽ വിഎസ് സർക്കാരായിരുന്നു. വിദേശ സർവകലാശാലകൾക്ക് എതിരായ സിപിഎം നയം നിയമസഭാ രേഖകളിലും വേണമെന്നു തീരുമാനിച്ചു. 2010 ജൂലൈ 7നു സി.രവീന്ദ്രനാഥ് ശ്രദ്ധക്ഷണിക്കലായാണു വിഷയം സഭയിൽ ഉന്നയിച്ചത്.

വിദേശ സർവകലാശാലകൾ ഇന്ത്യയിൽ എത്തിയാലുള്ള ദോഷവശങ്ങളും രാജ്യത്തെ സംസ്കാരത്തിനു സംഭവിക്കുന്ന അപചയങ്ങളുമൊക്കെ വിസ്തരിച്ച രവീന്ദ്രനാഥിന്റെ വാക്കുകൾ തുടർന്നത് ഇങ്ങനെ: ‘തനതു നയത്തിന്റെ കടകവിരുദ്ധമായ സമീപനമാണു വിദേശ സർവകലാശാലകളുടെ വരവ്. അവിശ്വസനീയമെന്നോ വിചിത്രമെന്നോ എന്നേ ഇതിനെ പറയാൻ കഴിയുകയുള്ളൂ. രാജ്യത്തിന്റെ സാധ്യതയെയും ബൗദ്ധിക മികവിനെയും കുറിച്ച് അറിയാത്തതാണ് ഈ തെറ്റായ നീക്കത്തിനു കാരണമെന്നു കരുതുന്നു.’

വിഷയത്തെ താത്വികമായി വിലയിരുത്താൻ ശ്രമിച്ച മന്ത്രി എം.എ. ബേബി പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെ: ‘വിദേശ സർവകലാശാലകൾക്ക് ഇന്ത്യയുടെ വാതായനങ്ങൾ തുറന്നുകൊടുക്കുന്നത് ഇന്ത്യയിലെ സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ മേഖലയുടെയും വളർച്ചയ്ക്ക് ഒട്ടും സ്വീകാര്യമല്ല. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിലുള്ള വ്യത്യസ്ത നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.’

രവീന്ദ്രനാഥിന്റെ അനുബന്ധ ചോദ്യം: ‘വിദേശ സർവകലാശാലകൾ ഇവിടെ വന്നാൽ ഇവിടെ നിന്നു വിദേശത്തു പഠിക്കാൻ പോകുന്നവർ ഇവിടെ തന്നെ പഠിക്കുമെന്ന അഭിപ്രായത്തോടു താങ്കൾ യോജിക്കുന്നോ?’ യോജിക്കുന്നില്ലെന്നു ബേബിയുടെ മറുപടി.

യുഡിഎഫ് സർക്കാരിന്റെ കാലത്തു 2016 ജനുവരി 29ന് അന്നത്തെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസൻ ആഗോള വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കാൻ പോകുമ്പോൾ, വിദേശ സർവകലാശാലകളെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐക്കാർ ആക്രമിച്ചിരുന്നു. സിപിഎം അക്രമത്തെ തള്ളിപ്പറഞ്ഞെങ്കിലും അതിനെ വലിയ പോരാട്ടമായാണ് എസ് എഫ്ഐ ഇപ്പോഴും ചിത്രീകരിക്കുന്നത്.

∙ ‘പണ്ട് കംപ്യൂട്ടറിനെതിരെ സമരം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ കംപ്യൂട്ടർ മാറ്റിവയ്ക്കാനാകുമോ? പണ്ടത്തെ സമരം അന്നത്തെ കാലത്തിന് അനുസരിച്ചുള്ളതാണ്. ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാകും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുക. വിദ്യാഭ്യാസമേഖലയുടെ പ്രവർത്തനം വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആശയമാണത്. അതിവേഗം ലിബറൽ നയങ്ങൾ നടപ്പാക്കുമ്പോൾ നമ്മുടെ കുട്ടികൾക്ക് നഷ്ടമുണ്ടാകരുത്. അതുകൊണ്ടാണ് സർക്കാർ നിയന്ത്രണത്തിൽ നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെപ്പറ്റി തീരുമാനമെടുത്തിട്ടില്ല. ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.’ – മന്ത്രി ആർ.ബിന്ദു

∙ ‘സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രണത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്. വിദ്യാർഥികൾ വിവേചനം നേരിടാൻ പാടില്ല. വിഷയം സർക്കാരുമായി ചർച്ച ചെയ്യും.’ – കെ.അനുശ്രീ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്

English Summary:

CPM changes policy regarding Foreign university

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com