മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവർക്കു കരാർ കേരളത്തിൽ മാത്രമെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവർക്കു കരാർ നൽകുന്നതു കേരളത്തിൽ മാത്രമേ കാണാൻ കഴിയുവെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. കണ്ണൂരിലെ 7 നില കോടതിസമുച്ചയത്തിന്റെ നിർമാണക്കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കു നൽകാനുള്ള ഹൈക്കോടതി വിധിക്കെതിരെ ‘നിർമാൺ കൺസ്ട്രക്‌ഷൻസ്’ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമർശം. എന്നാൽ, മൂന്നിരട്ടി തുകയാണു ക്വോട്ട് ചെയ്തതെന്ന വാദം ശരിയല്ലെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ സംസ്ഥാന സർക്കാരിനു 82% ഓഹരി പങ്കാളിത്തമുണ്ടെന്നും സൊസൈറ്റി സുപ്രീം കോടതിയിൽ പറഞ്ഞു.
കുറഞ്ഞ തുക ക്വോട്ട് ചെയ്തതിനാൽ നിർമാൺ കൺസ്ട്രക്‌ഷൻസിനു കരാർ ലഭിച്ചിരുന്നു. ഇതിനെതിരെ ഊരാളുങ്കൽ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയെങ്കിലും ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധി വന്നു. തുടർന്നാണു വിഷയം സുപ്രീം കോടതിയിലെത്തിയത്. തങ്ങൾ ക്വോട്ട് ചെയ്ത തുകയെക്കാളും 1.65 കോടി രൂപ അധികം ക്വോട്ട് ചെയ്ത ഊരാളുങ്കലിനു കരാർ നൽകുകയായിരുന്നുവെന്നു നിർമാൺ കൺസ്ട്രക്‌ഷൻസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ വാദിച്ചു. തുടർന്നാണു മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവർക്കു കരാർ നൽകുന്നതു കേരളത്തിൽ മാത്രമേ കാണാൻ കഴിയുവെന്നു സുപ്രീം കോടതി നിരീക്ഷിച്ചത്.
എന്നാൽ, സാധാരണ സൊസൈറ്റി പോലെയല്ല തങ്ങളുടേതെന്നും 82% ഓഹരി സർക്കാരിന്റേതാണെന്നും ഊരാളുങ്കലിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നീരജ് കിഷൻ കൗൾ, അഭിഭാഷകരായ എം.എഫ്.ഫിലിപ്പ്, എസ്.ശ്യാം കുമാർ എന്നിവർ വാദിച്ചു.
116 വർഷം പഴക്കമുള്ള കോടതി കെട്ടിടം പൊളിക്കുന്നത് ഊരാളുങ്കലിനു വേണ്ടി പൊതുമരാമത്ത് വകുപ്പു തടഞ്ഞെന്നു നിർമാൺ കൺസ്ട്രക്‌ഷൻസ് ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശി തള്ളി.
കോടതിയുടെ നിർമാണമായതിനാൽ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നു വ്യക്തമാക്കിയ ജഡ്ജിമാരായ ജെ.കെ.മഹേശ്വരി, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വിഷയം അന്തിമവാദം കേൾക്കാൻ മാർച്ച് 12ലേക്കു മാറ്റി.