കാട്ടാനശല്യം: സംസ്ഥാനാന്തര ഏകോപന സമിതിക്ക് ആലോചന
Mail This Article
തൃശൂർ / തിരുവനന്തപുരം ∙ കേരള–കർണാടക സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്മാരെ ഉൾപ്പെടുത്തി സംസ്ഥാനാന്തര ഏകോപന സമിതി രൂപീകരിക്കാൻ കേരളം നടപടി തുടങ്ങി. ഇന്നോ നാളെയോ കർണാടക വനം മന്ത്രിക്ക് ഇതു സംബന്ധിച്ചു കേരളം കത്തു നൽകും. മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്ത ശേഷമാകും തുടർനടപടികൾ.
സംസ്ഥാനാന്തര കമ്മിറ്റിയിൽ കണ്ണൂർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരെയും ഉൾപ്പെടുത്തും.
15 ന് അകം സംസ്ഥാനാന്തര കമ്മിറ്റി ചേരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.കർണാടക–തമിഴ്നാട്– കേരള അതിർത്തിയിൽപെട്ട ബന്ദിപ്പൂർ, മുതുമല, ആനമല വന്യജീവി സങ്കേതങ്ങളുടെ പരിധിയിൽ നിന്നും പിടികൂടുന്ന ആക്രമണകാരികളായ കാട്ടാനകൾ കേരളത്തിലെത്തുന്നത് നിയന്ത്രിക്കണമെന്ന ആവശ്യമാണ് കേരളം പ്രധാനമായും ഉന്നയിക്കുക.
വയനാട്ടിൽ നിലവിലുള്ള 3 വനം ഡിവിഷനുകൾ ക്രോഡീകരിച്ച് ഒരു സ്പെഷൽ സെന്റർ, പുതുതായി 2 ആർആർടികൾ എന്നിവ രൂപീകരിക്കുക, മറ്റു സ്ഥലങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെ നിയമിക്കുക പുറമേ, പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരിൽ 170 പേരെ വയനാട്ടിലേക്കു വിന്യസിക്കുക എന്നീ തീരുമാനങ്ങളുമെടുത്തിട്ടുണ്ടെന്ന് തൃശൂർ പൊലീസ് അക്കാദമിയിൽ ചേർന്ന അടിയന്തര വകുപ്പുതല ഉന്നത യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.
ഇന്നലെ അക്കാദമിയിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡുമായി ബന്ധപ്പെട്ടായിരുന്നു യോഗം. മന്ത്രി കെ.രാധാകൃഷ്ണൻ, വനംവകുപ്പ് മേധാവി ഗംഗ സിങ് എന്നിവരും പങ്കെടുത്തു.
‘ജനങ്ങളുടേത് സ്വാഭാവിക പ്രതിഷേധം’
‘മാനന്തവാടിയിലെ ജനങ്ങളുടെ പ്രതിഷേധത്തെ സ്വാഭാവികമായാണു സർക്കാർ കാണുന്നത്. കൊല്ലുകയും കൃഷി നശിപ്പിക്കുകയും ജനവാസ മേഖലയിൽ തന്നെ ആന തുടരുകയും ചെയ്ത സാഹചര്യത്തിലാണു വെടിവയ്ക്കാൻ ഉത്തരവു നൽകിയത്.
മൃഗങ്ങൾ നാട്ടിലിറങ്ങുന്നതിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സോളർ, ഹാങിങ്ങ്, റെയിൽവേ ഫെൻസിങ്ങുകൾ, ആന മതിലുകൾ, കിടങ്ങുകൾ തുടങ്ങിയ നടപടികൾ പ്രാവർത്തികമാക്കി വരുന്നുണ്ട്.കാട്ടിനുള്ളിൽ തന്നെ കഴിയാനാവശ്യമായ അടിസ്ഥാന സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതാണ് ഇതിനുള്ള പ്രധാന പരിഹാരം’– മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.