11 കോടി രൂപ കടം; നവകേരള സദസ്സിന്റെ പോസ്റ്ററടിച്ച് പാപ്പരായി ‘സിആപ്റ്റ് ’
Mail This Article
കോഴിക്കോട്∙ നവകേരള സദസ്സിനായി പോസ്റ്ററുകളും ബ്രോഷറുകളും മുഖ്യമന്ത്രിയുടെ കത്തും അച്ചടിച്ച വകയിൽ കിട്ടാനുള്ള 11 കോടിയിലേറെ രൂപ കിട്ടാതെ സർക്കാർ സ്ഥാപനം പ്രതിസന്ധിയിൽ. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് (സിആപ്റ്റ്) ആണു ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ പോലും പണമില്ലാതെ വലയുന്നത്.
നവകേരള സദസ്സിന്റെ പ്രചാരണങ്ങൾക്കായി 25 ലക്ഷം പോസ്റ്ററുകൾ, മുഖ്യമന്ത്രി എഴുതിയ കത്തുകൾ (96.35 ലക്ഷം), ബ്രോഷറുകൾ (96.35 ലക്ഷം) എന്നിവയാണ് സി ആപ്റ്റ് അച്ചടിച്ചു നൽകിയത്. ജീവനക്കാർ കൂടുതൽ സമയം ജോലി ചെയ്താണു നല്ല ഗുണമേന്മയിൽ, പറഞ്ഞ സമയത്തു തന്നെ അച്ചടി പൂർത്തിയാക്കിയത്. അച്ചടിച്ചെലവു മാത്രം 10 കോടിയിലേറെ രൂപയായി. പ്രചാരണ സാമഗ്രികളെല്ലാം സ്വന്തം ചെലവിൽ ഓരോ ജില്ലയിലും എത്തിച്ചു നൽകുകയും ചെയ്തു.
നവകേരള സദസ്സ് കഴിഞ്ഞു രണ്ടു മാസമായെങ്കിലും ഇതുവരെ സർക്കാർ പണം നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണു ധനകാര്യ വകുപ്പ് ക്ലിയറൻസ് നൽകാത്തതെന്നാണു വിവരം.