സപ്ലൈകോയെ രക്ഷിക്കേണ്ട ബാധ്യത സർക്കാരിന്: ചിറ്റയം ഗോപകുമാർ
Mail This Article
തിരുവനന്തപുരം ∙ സപ്ലൈകോയെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് ബജറ്റ് ചർച്ചയ്ക്കു തുടക്കം കുറിച്ച ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അതിന് 500 കോടി രൂപയുടെ പാക്കേജ് തയാറാക്കണം. എംഎൽഎമാരുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുകയാണെന്നു വിമർശിക്കാനും സഭയിൽ വർഷത്തിലൊരിക്കൽ മാത്രം പ്രസംഗിക്കാൻ അവകാശമുള്ള ഡപ്യൂട്ടി സ്പീക്കർ തനിക്കു കിട്ടിയ അവസരം ഉപയോഗിച്ചു. മതിയായ സൗകര്യങ്ങളില്ലാത്ത റേഷൻ കടകൾ ഒട്ടേറെയുണ്ട്. റേഷൻ കടകളിൽ രണ്ടു മാസത്തെ സാധനങ്ങൾ സംഭരിക്കണം.
നികത്തിയ നെൽവയലുകൾ പൂർവസ്ഥിതിയിലാക്കാൻ വ്യവസ്ഥ ഉണ്ടെങ്കിലും റവന്യു വകുപ്പിനു പണമില്ലാത്തതിനാൽ നടപ്പാകുന്നില്ല. അടൂരിൽ 60 ലക്ഷത്തിന്റെ ഗാന്ധി പാർക്ക്, മത്സ്യഫെഡിന്റെ 14 ലക്ഷം രൂപയുടെ അന്തിപ്പച്ച പദ്ധതികൾക്ക് ധനവകുപ്പിലെ ഉദ്യോഗസ്ഥർ നിരന്തരം ഇടങ്കോലിടുന്നതു മന്ത്രി പരിശോധിക്കണം. ഓരോ മണ്ഡലത്തിലും 5 കോടിയുടെ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇതു തിരഞ്ഞെടുക്കുന്നതിൽ എംഎൽഎമാർക്ക് ഒരു പങ്കുമില്ല. എംഎൽഎമാരുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന രീതി ശരിയല്ല. കേരളം പരമാവധി 24 രൂപയ്ക്കു നൽകുന്ന അരിയാണു ‘ഭാരത് അരി ’ എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്കു വിൽക്കുന്നത്. ബിജെപിയുടെ ഇത്തരം രാഷ്ട്രീയ നീക്കങ്ങളിൽ കേരളം ജാഗ്രത കാട്ടണമെന്നും ചിറ്റയം അഭിപ്രായപ്പെട്ടു.