ADVERTISEMENT

കൊച്ചി∙ തൃപ്പൂണിത്തുറ പുതിയകാവിൽ വെടിക്കെട്ടിനു സൂക്ഷിച്ച പടക്കങ്ങൾക്കു തീപിടിച്ചുണ്ടായ അപകടത്തിനു വഴിയൊരുക്കിയതു ഗുരുതരമായ നിയമലംഘനങ്ങൾ. വെടിക്കെട്ടിനു ക്ഷേത്രസമിതി അനുമതി ചോദിക്കുകയോ നൽകുകയോ ചെയ്തിട്ടില്ലെന്ന പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രതികരണങ്ങൾ ഇതിനു തെളിവ്. ഞായറാഴ്ച രാത്രി തെക്കുംപുറത്തിന്റെ വെടിക്കെട്ടും ഇന്നലെ രാവിലെ വടക്കുംപുറത്തിന്റെ സാംപിൾ വെടിക്കെട്ടുമാണു ക്ഷേത്രത്തിൽ നടന്നത്. ഇന്നലെ വൈകിട്ടു വടക്കുംപുറം വെടിക്കെട്ടു നടത്താനായി സംഭരിച്ച പടക്കങ്ങളാണു പൊട്ടിത്തെറിച്ചത്. ഇങ്ങനെ സംഭരിച്ചതിലേറെയും ഉപയോഗിക്കാൻ അനുമതി ലഭിക്കില്ലെന്നുറപ്പുള്ള ഉഗ്രശേഷിയുള്ള പടക്കങ്ങളാണെന്നാണു സ്ഫോടനത്തിന്റെ തീവ്രതയിൽ നിന്നു വിദഗ്ധരുടെ അനുമാനം.

സൾഫർ, വെടിമരുന്ന് ഉൾപ്പെടെ 15 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കൈകാര്യം െചയ്യാൻ അനുമതി നൽകി കലക്ടറേറ്റിൽ നിന്നു നൽകുന്ന ലൈസൻസിന്റെ മറവിലാണു സംസ്ഥാനത്ത് എല്ലായിടത്തും വെടിക്കെട്ടുകൾ അരങ്ങേറുന്നത്. ചട്ടപ്രകാരം ഈ ലൈസൻസ് ഉപയോഗിച്ചു കമ്പിത്തിരി, മത്താപ്പ്, പൂത്തിരി എന്നിവ നിർമിക്കാനേ പറ്റൂ. നിലത്തു കുഴിയെടുത്തു സ്ഥാപിക്കുന്ന ഡൈനമിറ്റുകൾക്ക് അനുമതിയില്ലെങ്കിലും ഭൂരിഭാഗം വെടിക്കെട്ടുകളിലും ഉഗ്രശബ്ദത്തോടെ മുകളിൽ പോയി പൊട്ടുന്ന ഇവയ്ക്കാണു മുൻഗണന.

തൃപ്പൂണിത്തുറയിൽ വാഹനത്തിൽ നിന്നിറക്കുമ്പോഴാണു പടക്കത്തിനു തീപിടിച്ചതെന്നാണു പൊലീസ് പറയുന്നത്. നിയമപ്രകാരം കവചിത വാഹനത്തിൽ മുന്നിലും പിന്നിലും പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെ വേണം സ്ഫോടകവസ്തുക്കൾ കൊണ്ടു പോകാൻ. ഇത്തരത്തിൽ സ്ഫോടകവസ്തു കൊണ്ടു പോകാൻ അനുമതിയുള്ള കവചിത വാഹനങ്ങളൊന്നും കേരളത്തിലെ ആർടി ഓഫിസിൽ ഇന്നോളം റജിസ്റ്റർ ചെയ്തിട്ടില്ല.

ജനവാസ മേഖലയിലും ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ആരാധനാലയങ്ങൾ എന്നിവയുടെ 250 മീറ്റർ ദൂരപരിധിക്കുള്ളിലും സ്ഫോടകവസ്തുക്കൾ ശേഖരിക്കാനോ പൊട്ടിക്കാനോ നിയമം അനുവദിക്കുന്നില്ല. ഇന്നലെ ദുരന്തമുണ്ടായ മേഖലയിൽ പടക്കം സൂക്ഷിച്ചതു തിങ്ങി വീടുകളുള്ള പ്രദേശത്താണ്. തൊട്ടടുത്തു തന്നെ ഹോമിയോ ഡിസ്പെൻസറി, എൽപി സ്കൂൾ എന്നിവയുണ്ട്.

അനുമതിയില്ല: ഡപ്യൂട്ടി കലക്ടർ

പുതിയകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ ജില്ലാ ഭരണകൂടത്തിൽ നിന്ന് അനുമതി തേടിയിട്ടില്ലെന്നു ഡപ്യൂട്ടി കലക്ടർ വി.ഇ.അബ്ബാസ്. അനുമതി ചോദിച്ചാലേ അതു നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകൂ.

English Summary:

Permission was not sought for fireworks in Thrippunithura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com