പുട്ടു വേണ്ടെങ്കിൽ കാപ്പി ആയിക്കോ, ഉറപ്പിച്ച് തിരുവഞ്ചൂർ; തിളച്ചു മറിഞ്ഞ് സഭ
Mail This Article
പുട്ടും കട്ടനും നല്ല ‘കോംബിനേഷൻ’ ആണെങ്കിലും പുട്ടിനു പകരമാകുമോ കാപ്പി? ആകാമെന്ന് ഉറപ്പിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. കേട്ടാൽ നിഷ്കളങ്കമെന്നു തോന്നാമെങ്കിലും പാലു തിളയ്ക്കുന്നതു പോലെ സഭ, പക്ഷേ അതോടെ തിളച്ചു മറിഞ്ഞു.
നവകേരള സദസ്സിന്റെ പേരിൽ നാട്ടിലാകെ ഇറങ്ങി പിരിച്ചു പുട്ടടിച്ചതു പോട്ടെ, അതിന്റെ കണക്കെങ്കിലും വേണ്ടേ എന്നായിരുന്നു തിരുവഞ്ചൂരിന്റെ സംശയം. അതോടെ ‘പുട്ടടി’ അധിക്ഷേപകരമാണെന്നും രേഖകളിൽ നിന്നു നീക്കണമെന്നും മന്ത്രി എം.ബി.രാജേഷ് അടക്കമുള്ള ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ‘കാപ്പി കുടിച്ചു’ എന്നാക്കാമെന്നായി തിരുവഞ്ചൂർ. പുട്ടും കാപ്പിയും രേഖകളിൽ ഉണ്ടാകില്ലെന്നു ചെയറിൽ ഇരുന്ന ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
അതോടെ ‘പൊട്ടൻ പുട്ടു വിഴുങ്ങിയതു പോലെ ഇരിക്കരുത്’ എന്നു പുട്ട് വച്ച് ഒരു പ്രയോഗം കൂടി തിരുവഞ്ചൂർ നടത്തി. ഇതോടെ ചെയറിനെ അധിക്ഷേപിക്കരുതെന്ന് ചിറ്റയം ചീറ്റപ്പുലിയെ പോലെ പറഞ്ഞെങ്കിലും സഭ്യേതരമെന്നു തനിക്കു കൂടി ബോധ്യപ്പെടട്ടെ എന്നായിരുന്നു തിരുവഞ്ചൂരിന്റെ പക്ഷം.
കോട്ടയത്ത് നിന്നു മറ്റൊരംഗം കൂടി ഇന്നലെ സഭയിൽ മിന്നി: സഭയിലെ തന്റെ കന്നി പ്രസംഗവുമായി ചാണ്ടി ഉമ്മൻ. പലരും അഞ്ചു പതിറ്റാണ്ട് ആ സഭയിൽ നിറസാന്നിധ്യമായിരുന്ന ഉമ്മൻചാണ്ടിയെ ഓർത്തു. കൈ മുന്നോട്ടാക്കി പ്രസംഗത്തിൽ താൻ പറയാൻ ഉദ്ദേശിക്കുന്നതു സ്ഥാപിക്കുന്ന പിതാവിന്റെ രീതി മകനിലും കണ്ടു. പുതുപ്പള്ളിക്കാരെയും അവരുടെ പ്രിയ നേതാവിനെയും കേരളത്തിന്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെയും ഓർമിച്ചുകൊണ്ട് ചാണ്ടി ഭരണപക്ഷത്തോടു ചോദിച്ചു: ‘‘നിങ്ങളുടെ കാലത്ത് ആരംഭിച്ച് നിങ്ങൾ തന്നെ പൂർത്തിയാക്കിയ ഒരു വികസന പദ്ധതിയുടെ പേരു പറയാമോ?’’
സുന്ദരിയായതിന്റെ പേരിൽ മാത്രം ജീവിതം ശാപമായ ചില പെൺജീവിതങ്ങളുടെ അവസ്ഥയാണ് കേരളത്തിനെന്ന് എൻ.കെ.അക്ബറിലെ സാമൂഹിക ഗവേഷകൻ കണ്ടെത്തി. വികസന സൂചികകളിൽ പലതും കേരളം മുന്നിലാണെന്നതു കൊണ്ടുള്ള കേന്ദ്രാവഗണനയാണ് അക്ബർ ഉദ്ദേശിച്ചത്.
പക്ഷേ എൻ.എ.നെല്ലിക്കുന്നിന് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ മുഖമാണ് പ്രശ്നം. ദയനീയതയും നിസ്സഹായതയും നിറഞ്ഞ ആ മുഖം കാണുമ്പോഴേ സങ്കടം വരും. ‘സൂര്യോദയ ബജറ്റി’നോട് അരിശം മൂത്ത് നെല്ലിക്കുന്ന് പകൽ പുറത്തിറങ്ങാല്ലെന്നും കേരളത്തിന്റെ പുരോഗതി അതുകൊണ്ട് കാണാത്തതിന്റെ പ്രശ്നമാണെന്നും ജോബ് മൈക്കിൾ കരുതുന്നു.
കേരളത്തെ അവഗണിക്കുന്ന കേന്ദ്രത്തിനെതിരെ ഉരിയാടാതെ സംസ്ഥാന വിരുദ്ധരായി പ്രതിപക്ഷം മാറിയെന്നു സ്ഥാപിക്കാനാണ് കെ.എം.സച്ചിൻദേവും പി.പി.സുമോദും ജി.എസ്.ജയലാലും ശ്രമിച്ചത്. കേരളം നിരത്തുന്ന കണക്ക് ശരിയല്ലെന്നു സർക്കാരിന്റെ തന്നെ രേഖകൾ വച്ച് സ്ഥാപിക്കാൻ റോജി എം.ജോൺ നോക്കിയതോടെ യു.പ്രതിഭയ്ക്ക് അദ്ദേഹം കേരള നിയമസഭയിലെ ബിജെപി വക്താവായി.
സുമോദും പി.വി.അൻവറും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പറഞ്ഞു ലീഗുകാരെ നോവിക്കാൻ ശ്രമിച്ചപ്പോൾ നജീബ് കാന്തപുരം ചുട്ട മറുപടി നൽകി. ബിജെപിയും ആർഎസ്എസുമാണ് മുഖ്യശത്രുവെന്ന് നജീബ് പറഞ്ഞവസാനിപ്പിച്ചത് പക്ഷേ കോൺഗ്രസുകാർക്കുള്ള സന്ദേശമാണെന്നാണു പി.വി.ശ്രീനിജന്റെ നിരീക്ഷണം. മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വി കുറുപ്പിന്റെ എട്ടാം ചരമവാർഷിക ദിനത്തിൽ സുജിത് വിജയൻപിള്ളയും പ്രതിഭയും അദ്ദേഹത്തെ ഓർത്തു. എ.കെ.എം.അഷ്റഫ് ഒരു കവിത ചൊല്ലി: കന്നഡ കവിതയായിരുന്നെന്നു മാത്രം.
∙ ഇന്നത്തെ വാചകം
‘മുൻകൂട്ടി എഴുതിക്കൊടുത്ത ആരോപണം പ്രതിപക്ഷ നേതാവിനെതിരെ അനുവദിക്കുന്നതും മുഖ്യമന്ത്രിക്കെതിരെ അനുവദിക്കാതിരിക്കുന്നതും വിവേചനമാണ്.’ – പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ