സ്പീക്കറുടെ കർശന റൂളിങ്ങിന് പുല്ലുവില; ഉത്തരം ലഭ്യമാക്കാതെ മന്ത്രിമാർ
Mail This Article
തിരുവനന്തപുരം∙ മന്ത്രിമാർ സഭയിൽ മറുപടി പറയുന്നതിന്റെ തലേന്നു ചോദ്യോത്തരങ്ങൾ ലഭ്യമാക്കണമെന്നു സ്പീക്കർ എ.എൻ.ഷംസീർ കർശന റൂളിങ് നൽകിയിട്ടും പുല്ലുവില നൽകി മന്ത്രിമാർ. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, കെ.രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ നക്ഷത്രച്ചിഹ്നമിടാത്ത ഒരു ചോദ്യത്തിനു പോലും ഉത്തരം ലഭ്യമാക്കിയില്ല. ഇന്നലെയാണ് ഇവർ സഭയിൽ മറുപടി പറഞ്ഞത്.
വിവിധ മണ്ഡലങ്ങളിലെ റോഡുകളുടെ നിർമാണ പുരോഗതി ഉൾപ്പെടെ 162 ചോദ്യങ്ങളാണ് എംഎൽഎമാർ റിയാസിനോടു ചോദിച്ചിരുന്നത്. സ്കൂളുകളുമായി ബന്ധപ്പെട്ടതുൾപ്പെടെ 110 ചോദ്യങ്ങളുണ്ടായിരുന്നു ശിവൻകുട്ടിക്ക്. 90 ചോദ്യങ്ങളുണ്ടായിരുന്ന കെ.രാജനും 21 ചോദ്യങ്ങളുണ്ടായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയും മറുപടി നൽകിയില്ല.
മന്ത്രി കെ.എൻ.ബാലഗോപാൽ 30നു മറുപടി നൽകേണ്ട 199 ചോദ്യങ്ങളിൽ ഒന്നിനു പോലും മറുപടി നൽകിയില്ലെന്ന പരാതി പ്രതിപക്ഷ നേതാവ് ഉന്നയിച്ചതിനെത്തുടർന്നായിരുന്നു സ്പീക്കറുടെ റൂളിങ്. മന്ത്രിയുടെ പേരെടുത്തു പറഞ്ഞുള്ള സ്പീക്കറുടെ റൂളിങ്ങിൽ ചില മന്ത്രിമാർക്ക് അതൃപ്തിയുണ്ടെന്നാണു വിവരം. റൂളിങ് ധിക്കരിക്കുന്നതും ഇതുകൊണ്ടെന്നാണു സൂചന. 199 ചോദ്യങ്ങളിൽ ഒന്നിനു പോലും മന്ത്രി ബാലഗോപാൽ ഇനിയും മറുപടി നൽകിയിട്ടില്ല.