ബാധ്യത 25,847 കോടി; ബജറ്റിനു പുറത്തെ കടമെടുപ്പിനെതിരെ വീണ്ടും സിഎജി റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം ∙ കിഫ്ബിയുടെയും മറ്റും പേരിലുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി േകരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കെ, ബജറ്റിനു പുറത്തെ ഇത്തരം കടമെടുപ്പിനെ കുറ്റപ്പെടുത്തി വീണ്ടും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടവും ബിൽ ഡിസ്കൗണ്ടിങ് വഴിയുള്ള ബാധ്യതയും അടക്കം 25,847 കോടി രൂപയാണു സർക്കാർ ബജറ്റിൽ ഉൾപ്പെടുത്താതെ നിയമസഭയിൽ നിന്നു മറച്ചുവച്ചതെന്നും ഇന്നലെ സഭയിൽ വച്ച 2021–22 ലെ ഓഡിറ്റ് റിപ്പോർട്ടിൽ സിഎജി കുറ്റപ്പെടുത്തി.
കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടം കൂടി ഉൾപ്പെടുത്തുമ്പോൾ 2021–22ൽ സംസ്ഥാനത്തിന്റെ ആകെ കടം 3.83 ലക്ഷം കോടിയാണ്. റവന്യു വരുമാനത്തിന്റെ 19.98% പലിശയ്ക്കായി വിനിയോഗിക്കുന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്ന കണക്കാണ്. കോർപറേഷനുകൾ, കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ സർക്കാർ നിക്ഷേപിച്ച പണത്തിന് വെറും 1.57% പലിശ മാത്രം കിട്ടിയപ്പോൾ സർക്കാർ എടുത്ത കടങ്ങൾക്കു നൽകേണ്ടി വന്നത് 7.34% പലിശയാണ്.
2021–22ൽ 2,15,813 കോടി ചെലവായി ബജറ്റിൽ കാണിച്ചെങ്കിലും യഥാർഥത്തിൽ ചെലവായത് 2,05,451 കോടിയായിരുന്നു. ഇതു തെറ്റായ ധനമാനേജ്മെന്റിന്റെ ലക്ഷണമാണ്. 2021–22ൽ ധനക്കമ്മി 3.83 ശതമാനത്തിൽ നിന്നു 5.10 ശതമാനത്തിലേക്ക് ഉയർന്നു. റവന്യു വരുമാനം 19.49% വർധിച്ചു. നികുതി വരുമാനത്തിൽ 25% മാത്രമാണ് 5 വർഷത്തെ വർധന. റവന്യു ചെലവാകട്ടെ 5 വർഷത്തിനിടെ 46% വർധിച്ചെന്നും സിഎജി ചൂണ്ടിക്കാട്ടി.
കിഫ്ബിയുടെ വാദം തെറ്റ്
കിഫ്ബി വായ്പകൾ സർക്കാരിന്റെ ബജറ്റിനു പുറത്തെ കടമെടുക്കൽ അല്ലെന്നും അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള ഏജൻസിയായാണു കിഫ്ബി പ്രവർത്തിക്കുന്നതെന്നുമുള്ള സർക്കാർ വാദം ശരിയല്ലെന്നു സിഎജി. കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ലാത്തതിനാലും സർക്കാർ എല്ലാ വർഷവും ബജറ്റിലൂടെ സ്വന്തം വരുമാനം മാറ്റി കിഫ്ബിയുടെ കടബാധ്യത തീർക്കുന്നതിനാലും സർക്കാർ വിശദീകരണം സ്വീകാര്യമല്ല.