വിഴിഞ്ഞം തുറമുഖം: അദാനിയുടെ തുറമുഖ നിർമാണ കാലാവധി മാത്രമല്ല കൈവശാവകാശ കാലാവധിയും നീട്ടി
Mail This Article
തിരുവനന്തപുരം∙ അദാനി കമ്പനിക്കു നിർമാണ കാലാവധി മാത്രമല്ല, തുറമുഖം കൈവശം വയ്ക്കാവുന്ന കാലാവധിയും സർക്കാർ നീട്ടി നൽകി. 2055ൽ കൈമാറേണ്ട തുറമുഖം ഇനി 2060ൽ കൈമാറിയാൽ മതിയാകും. മന്ത്രിസഭാ തീരുമാനത്തിന്റെ വാർത്താക്കുറിപ്പിൽ നിന്ന് ഈ സുപ്രധാന വിവരം ഒഴിവാക്കിയിരുന്നെങ്കിലും മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങിയപ്പോൾ ഇടംപിടിച്ചു.
എന്നാൽ രണ്ടും മൂന്നും ഘട്ട നിർമാണ പ്രവർത്തനത്തിന് അദാനി തുടക്കമിട്ടതിനാൽ കരാറിലെ വ്യവസ്ഥ അനുസരിച്ച് ഈ കാലാവധി വീണ്ടും 20 വർഷം കൂടി നീട്ടി നൽകാനാകും. ഫലത്തിൽ 2080 വരെ അദാനിക്കു തുറമുഖം കൈവശം വയ്ക്കാം.
അദാനി കമ്പനിയെ നിർമാണം ഏൽപിച്ചതു 2015ലാണ്. അന്നു മുതൽ 40 വർഷത്തേക്ക് ഇവർക്കു തുറമുഖം കൈവശം വയ്ക്കാമെന്നാണു കരാർ. ഈ കാലാവധി 2055ൽ അവസാനിക്കുമെന്നിരിക്കെയാണ്, അഞ്ചു വർഷം കൂടി ഇപ്പോൾ ദീർഘിപ്പിച്ചു നൽകിയത്.
കരാർ ലംഘനത്തിനു നോട്ടിസ് നൽകിയ സർക്കാരിനെതിരെ അദാനി കമ്പനിയാണ് ആർബിട്രേഷനു പോയത്. കരാർ പ്രകാരം 2019 ഡിസംബറിൽ കഴിയേണ്ട നിർമാണ കാലാവധി 2024 ഡിസംബറിലേക്കു നീട്ടുക, തുറമുഖത്തിന്റെ കൈവശാവകാശം 40 വർഷത്തിൽനിന്നു 45 വർഷമാക്കുക, പദ്ധതിവിഹിതവും നിർമാണ വസ്തുക്കളും സമയത്തിനു നൽകാത്ത സർക്കാർ 3854 കോടി രൂപ നൽകുക എന്നിവയായിരുന്നു അദാനിയുടെ ആവശ്യങ്ങൾ. ആദ്യത്തെ രണ്ടാവശ്യത്തിനും ഇപ്പോൾ സർക്കാർ വഴങ്ങി. നിർമാണ കാലാവധിയും കൈവശ കാലാവധിയും നീട്ടില്ലെന്നും വൈകിയതിന്റെ നഷ്ടപരിഹാരമായി 911 കോടി രൂപ നൽകണമെന്നുമായിരുന്നു സർക്കാർ ഏജൻസിയായ വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിന്റെ (വിസിൽ) നിലപാട്. ഒത്തുതീർപ്പിന്റെ ഭാഗമായി ഈ നിലപാട് സർക്കാർ തള്ളുകയും ചെയ്തു.
നഷ്ടപരിഹാരമായി 219 കോടി രൂപ അദാനിക്കു നൽകാനുള്ള വിഹിതത്തിൽ തടഞ്ഞുവയ്ക്കുമെങ്കിലും ഇതിൽ 175.2 കോടി രൂപ നാലു ഗഡുക്കളായി തിരിച്ചുനൽകുമെന്നും ഉത്തരവിൽ പറയുന്നു. ആർബിട്രേഷൻ പിൻവലിക്കാൻ തയാറാണെന്ന് അദാനി പോർട്സ് എംഡി കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാരിനു കത്തു നൽകിയിരുന്നു.
ചുഴലിക്കാറ്റ്, പ്രളയം, കോവിഡ്, സമരം തുടങ്ങിയ കാരണങ്ങളാലാണു നിർമാണ പൂർത്തീകരണം വൈകിയതെന്നു കാണിച്ചു കഴിഞ്ഞ ജനുവരി 8നു വീണ്ടും കത്തു നൽകി.
കഴിഞ്ഞ നാലു വർഷമായി ഈ ന്യായീകരണങ്ങൾ നിരത്തിയിട്ടും അംഗീകരിക്കാതിരുന്ന സർക്കാർ, അവ ഇപ്പോൾ അംഗീകരിക്കുകയും ഒത്തുതീർപ്പിനു വഴങ്ങുകയുമായിരുന്നു. പദ്ധതി തടസ്സമില്ലാതെ തുടരാനും കേന്ദ്രസർക്കാരിൽനിന്നു വയബിലിറ്റി ഗ്യാപ് ഫണ്ടായി 817 കോടി രൂപ ലഭിക്കാനും മറ്റു വഴിയില്ലെന്നാണു സർക്കാർ വാദം.